മംഗളൂരു: വിദ്യാർത്ഥികളടക്കം 100ലേറെ സ്ത്രീകളെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മരിച്ചവരിൽ മലയാളികളുമുണ്ടെന്ന് സംശയം. കർണാടകയിലെ ധർമ്മസ്ഥലത്ത് 1998നും 2014ലു ഇടയിലാണ് സംഭവം. ഇതു സംബന്ധിച്ച് ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
ധർമ്മസ്ഥല ക്ഷേത്രത്തിലെ സൂപ്പർവൈസറാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർദ്ദേശിച്ചത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു. ഇതോടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്നും മുൻ തൊഴിലാളി പറയുന്നത്. ധർമ്മസ്ഥലയിലും പ്രദേശങ്ങളിലും പീഡനത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കുഴിച്ചിട്ടത്.
എന്നാൽ മൊഴിനൽകിയ ആളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങൾ കുഴിച്ചു മൂടിയതിന്റെ ഫോട്ടോകളും തെളിവുകളും അദ്ദേഹം പൊലീസിന് നൽകി. ഇയാൾക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. 2014ൽ ജോലി ഉപേക്ഷിച്ച ഇയാൾ കുടുംബത്തോടൊപ്പം ധർമ്മസ്ഥലയിൽ നിന്ന് പോയിരുന്നു. എന്നാൽ പശ്ചാത്താപവും ഇരകൾക്ക് നീതി ലഭിക്കണമെന്നത് ആഗ്രഹിച്ചുമാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. ധർമ്മസ്ഥല ക്ഷേത്ര ജീവനക്കാരിയും ഇതു സംബന്ധിച്ച് മൊഴി നൽകി.
അതിനിടെ മൃതദേഹം കുഴിച്ചിട്ടെന്ന് ധർമ്മസ്ഥലയിലെ പരിശോധനയിൽ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. ഇവ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറയുന്നിടത്ത് കൂടുതൽ പരിശോധനകൾ ആരംഭിച്ചിട്ടില്ല. ദക്ഷിണ കർണാടക എസ്.പി കെ.എ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം
1987ൽ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി
ധർമ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളിൽ കൂടുതലും കാസർകോട്ടുകാരാണ്. അതിനിടെ ധർമ്മസ്ഥലയിൽ പോയി കാണാതായ മലയാളി പെൺകുട്ടികളുണ്ടെന്നതിന്റെ സൂചനകൾ പുറത്തുവരുന്നുണ്ട്. 1987ൽ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകൾ വെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരൻ വെളിപ്പെടുത്തി.
'ഇരുപത് വർഷങ്ങൾക്ക് മുമ്പ് നടന്ന കൂട്ടക്കൊല പരമ്പരയാണിത്. പൊലീസ് നടപടി എടുത്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിക്കാർ നേരിട്ടിറങ്ങി മൃതദേഹങ്ങൾ പുറത്തെടുക്കും. ജയിലിൽ പോകാൻ തയ്യാറാണ്. ജീവനക്കാരൻ നൽകിയ മൊഴി നൂറ് ശതമാനവും ശരിയാണ്".
- ജയന്ത് (മലയാളി, ധർമ്മസ്ഥല)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |