അമ്പലപ്പുഴ: ആറ് വർഷത്തിനിടെ ജീവനറ്റ ഒട്ടനവധി കുഞ്ഞുശരീരങ്ങൾ പുതുവസ്ത്രമണിയിച്ചും ഒരുക്കിയും അന്ത്യകർമ്മങ്ങൾക്കായി കൈമാറേണ്ടി വന്ന മോർച്ചറി അറ്റൻഡർ, ഹൃദയവേദന താങ്ങാനാകാതെ ഒടുവിൽ വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതി. കുട്ടികളിലെ ആത്മഹത്യാപ്രവണതയ്ക്ക് കൂച്ചുവിലങ്ങിടാൻ സ്കൂളുകൾ വഴി സഹായം അഭ്യർത്ഥിച്ചാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ തസ്തികയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരനായ നീർക്കുന്നം പുതുവൽ വീട്ടിൽ വി.വിമൽ മന്ത്രിയെ അഭിസംബോധന ചെയ്ത് സമൂഹമാദ്ധ്യമത്തിൽ കുറിപ്പെഴുതിയത്. ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും കുഞ്ഞുങ്ങൾക്ക് കൗൺസലിംഗ് ക്ലാസും പാരന്റ്സ് മീറ്റിങ്ങും നടത്തണമെന്നാണ് പ്രധാന ആവശ്യം.
ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസു മരടിച്ചു പോകാറുണ്ട്. ഞങ്ങൾ കരയാറില്ല. എന്നാൽ കുഞ്ഞുമക്കളുടെ ചേതനയറ്റ ശരീരങ്ങൾ ഒരുക്കേണ്ടി വരുമ്പോൾ ഉള്ളുലയും. പതറിപ്പോകുമെന്ന് വിമൽ പറയുന്നു. ഒരു മകളുടെ അച്ഛനെന്ന നിലയിൽ മാതാപിതാക്കളുടെ മാനസികാവസ്ഥ ഊഹിക്കാനാകും. പലപ്പോഴും നിസാര കാര്യങ്ങൾക്കാണ് കുട്ടികൾ മരണം തിരഞ്ഞെടുക്കുന്നത്. അച്ഛനും, അമ്മയും വാങ്ങി കൊടുത്ത മാലയ്ക്ക് നീളം കുറവ്, ക്രിക്കറ്റ് കളിച്ചു വന്നപ്പോൾ കുളിക്കാൻ പറഞ്ഞു, അമ്മ വഴക്കു പറഞ്ഞു, പുതിയ മൊബൈൽ വാങ്ങി കൊടുത്തില്ല, ഇങ്ങനെ കുറെയധികം വാശികൾ കുഞ്ഞു മക്കളുടെ ജീവനെടുക്കുന്നു. കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച പതിമൂന്ന് വയസുള്ള കുട്ടിയെ മോർച്ചറിയിൽ നിന്ന് ഒരുക്കിയിറക്കിയ ശേഷമാണ് വിമൽ മന്ത്രിയെ ഹൃദയവേദന അറിയിക്കാൻ തീരുമാനിച്ചത്.
ബോധവത്ക്കരണമെത്തണം
സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച് ദിവസങ്ങൾക്കിട വിദേശത്ത് നിന്നടക്കം പരിചിതരും അപരിചിതരും വിമലിനെ തുടരെ വിളിക്കുകയാണ്. അദ്ധ്യാപകരും, മോട്ടിവേഷൻ സ്പീക്കർമാരുമുൾപ്പടെ വിളിച്ച് സംസാരിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഓരോ കുഞ്ഞിലും ബോധവത്ക്കരണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് സത്വര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിമൽ. പതിനാറ് വർഷമായി മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായ വിമൽ, കഴിഞ്ഞ ആറ് വർഷമായാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് സൊസൈറ്റിക്ക് കീഴിൽ മോർച്ചറിയിൽ പ്രവർത്തിക്കുന്നത്. കവിതകളെഴുതുന്ന വിമൽ നീർക്കുന്നം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നളന്ദ എന്ന സാംസ്ക്കാരിക സംഘടനയുടെ പേരും ഒപ്പം ചേർത്ത് വിമൽ.വി.നളന്ദ എന്നാണ് അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |