ന്യൂഡൽഹി: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിയും പുനഃക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്‌ത് കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചു. അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു മുന്നിൽ ആവശ്യപ്പെടാനാണ് നീക്കം.
എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് ബുധനാഴ്ച തുടങ്ങും. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കീം റാങ്ക് പട്ടികയിലുള്ള 12 കേരള സിലബസ് വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചത്. റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവന്നിരുന്നത്. അക്കാര്യം മനസിലാക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടെന്നും ഹർജിയിൽ പറയുന്നു.
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സൗകര്യം കണക്കാക്കി ഇന്നോ, നാളെയോ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി എത്രയും വേഗം ലിസ്റ്റ് ചെയ്യിപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ പി.എസ്. സുൽഫിക്കൽ അലി വ്യക്തമാക്കി. അതേസമയം തങ്ങളുടെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തടസഹർജി സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |