കൽപ്പറ്റ: മഹാരാഷ്ട്ര സ്വദേശിയിൽ നിന്നും ഒന്നരക്കോടി രൂപ കവർച്ച നടത്തി കേരളത്തിലേക്ക് മുങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളെ വയനാട് പൊലീസ് പിടികൂടി. കൽപ്പറ്റ കൈനാട്ടിയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം സഞ്ചരിച്ച സ്‌കോർപിയോ തടഞ്ഞുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് സ്വദേശികളായ നന്ദകുമാർ (32), അജിത്കുമാർ (27), സുരേഷ് (47), വിഷ്ണു (29), ജിനു (31), കലാധരൻ (33) എന്നിവരെയാണ് ഹൈവേ പൊലീസും കൽപ്പറ്റ പൊലീസും സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ്. മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ. വയനാട് ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നൽകുകയായിരുന്നു. തുടർന്നാണ് വാഹനം പിന്തുടർന്ന് കൈനാട്ടിയിൽ വച്ച് സംഘത്തെ വളഞ്ഞിട്ട് പിടികൂടുന്നത്. നഷ്ടപ്പെട്ട മുക്കാൽ ലക്ഷം രൂപ മാത്രമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. പണം മറ്റൊരു സംഘത്തിന് കൈമാറിയതായാണ് സൂചന. പ്രതികളെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. സബ് ഇൻസ്‌പെക്ടർമാരായ വിമൽചന്ദ്രൻ, എൻ.വി ഹരീഷ്‌കുമാർ, ഒ.എസ് ബെന്നി, എ.എസ്.ഐ മുജീബ് റഹ്മാൻ, ഡ്രൈവർ എസ്.സി.പി.ഒ പി.എം സിദ്ധിഖ്, സി.പി.ഒ എബിൻ, എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |