കൊല്ലം: പി.ടി.എ മീറ്റിംഗിൽ കുഴഞ്ഞുവീണ റിട്ട.അദ്ധ്യാപകന് രക്ഷയായത് ആരോഗ്യപ്രവർത്തകയായ രക്ഷിതാവ്. കൊട്ടാരക്കര നെടുവത്തൂർ അന്നൂർ സ്വദേശിയ രാമചന്ദ്രൻ പിള്ളയ്ക്കാണ് (70) കൃത്യമായ സി.പി.ആർ നൽകിയതിലൂടെ ജീവൻ തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസം നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിലെ പി.ടി.എ യോഗം ചേരുമ്പോഴാണ് സംഭവം.
സംസാരിക്കുന്നതിനിടെ രാമചന്ദ്രൻപിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി, കുഴഞ്ഞുവീണു. യോഗത്തിലുള്ള അദ്ധ്യാപകരും മറ്റ് രക്ഷിതാക്കളുമെല്ലാം പകച്ചുനിന്നപ്പോഴാണ് നെടുവത്തൂർ സന്ധ്യാലയത്തിൽ സന്ധ്യ സത്യൻ ഓടിയെത്തിയത്. നിമിഷനേരംകൊണ്ട് സന്ധ്യ സി.പി.ആർ നൽകി. മിനിട്ടുകൾക്കകം രാമചന്ദ്രൻപിള്ളക്ക് നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവൻ തിരികെ ലഭിച്ചു. ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസ്തംഭനമുണ്ടായതാണെന്ന് ഡോക്ടർമാർ പറഞ്ഞു. കൃത്യസമയത്ത് സി.പി.ആർ നൽകാനായതിനാലാണ് ജീവൻ രക്ഷിക്കാനായത്. പേരക്കുട്ടിയുടെ രക്ഷിതാവായിട്ടാണ് രാമചന്ദ്രൻ പിള്ള യോഗത്തിൽ പങ്കെടുത്തത്. മലപ്പുറം മൊറയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകയാണ് സന്ധ്യ സത്യൻ. സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയുടെ മാതാവാണ്. അവധിയെടുത്ത് വീട്ടിലുണ്ടായിരുന്നതിനാൽ മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സന്ധ്യ പി.ടി.എ യോഗത്തിൽ പങ്കെടുത്തത്. അത് ഒരു ജീവൻ രക്ഷിക്കുന്നതിന് കാരണവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |