കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപോയ പ്രതി പൊലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടക്കേറം രാജുവിലാസത്തിൽ നിതിനാണ് (കൊച്ചുമോൻ,34) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 24ന് അർദ്ധരാത്രി പാരിപ്പള്ളി ആലുവിള ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഉളിയനാട് സ്വദേശി സൈജുവിൽ നിന്ന് പ്രതി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. എതിർത്തതോടെ പ്രതി പൊട്ടിയ ബിയർകുപ്പി ഉപയോഗിച്ച് സൈജുവിനെ കവിളിലും വയറിലും നെഞ്ചിന്റെ പല ഭാഗങ്ങളിലുമായി ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ സൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒളിവിൽ പോയ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിടികൂടാനായില്ല. ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പൂയപ്പള്ളി, ആറ്റിങ്ങൽ എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പൂയപ്പള്ളിയിലെയും ആറ്റിങ്ങലിലെയും കേസുകളിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുമ്പോഴാണ് പാരിപ്പള്ളി പൊലീസിന്റെ വലയിലാകുന്നത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അബീഷ്, അഖിലേഷ്, രമേശ്, ബിജു സി.പി.ഒമാരായ സജീർ, നികേഷ്, നൗഫൽ, അരുൺകുമാർ, സബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |