ചെന്നൈയിൽ ജൂലായ് നാലിനു നടന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) സംസ്ഥാന എക്സിക്യൂട്ടീവിൽ വിജയ് പ്രസംഗിച്ചത് ഇങ്ങനെ: 'ബി.ജെ.പി ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങൾക്കിടയിൽ ഭിന്നത വളർത്താൻ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ഇത്തരം വിഷലിപ്തമായ ശ്രമങ്ങൾ തമിഴ്നാട്ടിൽ ചെലവാകില്ല."- സൂപ്പർതാരം വിജയ്‌യെ എൻ.ഡി.എ പാളയത്തിലെത്തിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം മുൻകൈയെടുത്തു നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. അതിനു ശേഷമായി ഈ പ്രസംഗം.
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും എൻ.ഡി.എ ഘടകകക്ഷിയായ ജനസേനാ പാർട്ടിയുടെ അദ്ധ്യക്ഷനും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ആണ് എൻ.ഡി.എയിലേക്ക് വിജയ്‌യെ ക്ഷണിച്ചതെന്നാണ് സൂചന. ഇതിനിടെ തീവ്ര തമിഴ് വാദമുയർത്തുന്ന നടനും സംവിധായകനുമായ സീമാന്റെ നാം തമിഴർ കക്ഷിയെ എൻ.ഡി.എയിലേക്ക് എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീമാന്റെ പാർട്ടി എട്ടു ശതമാനത്തിലേറെ വോട്ട് നേടിയിരുന്നു. വിജയ് എൻ.ഡി.എയിലേക്കില്ലെന്ന് വ്യക്തമായതോടെ ആശ്വാസമായത് ഡി.എം.കെയ്ക്കാണ്. ഒറ്റയ്ക്ക് എല്ലാം മണ്ഡലങ്ങളിലും മത്സരിക്കുമെന്ന നിലപാടിൽത്തന്നെ സീമാൻ ഉറച്ചുനിന്നാൽ പകുതിയോളം മണ്ഡലങ്ങളിൽ ശക്തമായ ചതുഷ്കോണ മത്സരം ഉണ്ടാകും. മറ്റിടങ്ങളിൽ കടുത്ത ത്രികോണ മത്സരത്തിനും കളമൊരുങ്ങും.
ശത്രുക്കൾ പല ചേരിയിലാകുന്നതോടെ ഡി.എം.കെ മുന്നണിക്ക് ഭരണത്തുടർച്ച നേടാൻ കഴിയുന്ന സാഹചര്യമാണ് രൂപപ്പെട്ടുവരുന്നതെന്ന് രാഷ്ട്രീയ നീരീക്ഷകർ കണക്കു കൂട്ടുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പും ഇതുപോലൊരു രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെയ്ക്ക് അധികാരത്തുടർച്ച ലഭിച്ചു. ചെറുപാർട്ടികൾ മാത്രമാണ് അന്ന് അണ്ണാ ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്നത്. പ്രധാന പ്രതിപക്ഷം സാക്ഷാൽ കരുണാനിധി നേതൃത്വം നൽകുന്ന ഡി.എം.കെ മുന്നണി. 41 സീറ്റിൽ മത്സരിച്ച കോൺഗ്രസായിരുന്നു ആ മുന്നണിയിലെ രണ്ടാമൻ.
2011-16ൽ നിയമസഭയിൽ 29 അംഗങ്ങളുണ്ടായിരുന്നു, എ.ഡി.എം.കെയുടെ ഭാഗമായിരുന്ന വിജയകാന്തിന്റെ ഡി.എം.ഡി.കെയ്ക്ക്. പ്രതിപക്ഷത്തെ ഡി.എം.കെയ്ക്ക് 23 സീറ്റും. ജയലളിതയുമായി പിണങ്ങിയ വിജയകാന്ത് സ്വയം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2016-ലെ തിരഞ്ഞെടുപ്പിനു മുമ്പ് വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ച് ഡി.എം.ഡി.കെ ഏഴു പാർട്ടികളുടെ മുന്നണി രൂപീകരിച്ചു. അണ്ണാ ഡി.എം.കെ മുന്നണിയുടെ ഭാഗമായിരുന്ന സി.പി.ഐ, സി.പി.എം പാർട്ടികൾ ഉൾപ്പെടെ വിജയകാന്തിന്റെ മുന്നണിയുടെ ഭാഗമായി. വൈക്കോയുടെ എം.ഡി.എം.കെ, വി.കെ. വാസന്റെ തമിഴ് മാനിലാ കോൺഗ്രസ്. തോൽ തിരുമാളവന്റെ വി.സി.കെ എന്നീ പ്രമുഖ ദ്രാവിഡ പാർട്ടികളും ഒപ്പമുണ്ടായിരുന്നു.
ബി.ജെ.പി രണ്ടു ചെറുകക്ഷികളെ കൂട്ടി മത്സരിച്ചപ്പോൾ പി.എം.കെ എല്ലാ സീറ്റിലും സ്ഥാനാർത്ഥിളെ നിറുത്തി ഒറ്റയ്ക്ക് മത്സരിച്ചു. 2011-നെ അപേക്ഷിച്ച് 14 സീറ്റുകൾ കുറഞ്ഞെങ്കിലും 136 സീറ്രുമായി ജയലളിത ഭരണത്തുടർച്ച നേടി. ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിന് 98 സീറ്റുകൾ. ഡി.എം.ഡി.കെ മുന്നണിയിലെ വിജയകാന്ത് ഉൾപ്പെടെ എല്ലാവരും തോറ്റു. ബി.ജെ.പിയും പി.എം.കെയും 'സംപൂജ്യ"രായി!
2021 ആയപ്പോഴേക്കും സഖ്യനില മാറി. വിജയസാദ്ധ്യതയേറിയ ഡി.എം.കെയ്ക്കൊപ്പം സി.പി.എം, സി.പി.ഐ, എം.ഡി.എം.കെ തുടങ്ങിയ പാർട്ടികൾ സഖ്യം ചേർന്നു. അണ്ണാ ഡി.എം.കെ എൻ.ഡി.എയിൽ തിരിച്ചെത്തി. പി.എം.കെയും കൂടി ചേർന്നതോടെ എൻ.ഡി.എ ശക്തമായി. വിജയകാന്തിന്റെ ഡി.എം.ഡി.കെ ടി.ടി.വി ദിനകരനൊപ്പം ചേർന്ന് മറ്റൊരു മുന്നണി രൂപീകരിച്ചു. കമലഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ നേതൃത്വത്തിൽ വേറൊരു മുന്നണിയും മത്സരിച്ചു. 234 അംഗ നിയമസഭയിൽ 133 സീറ്റുമായി ഡി.എം.കെ തനിച്ച് കേവല ഭൂരിപക്ഷം നേടി.
തമിഴ്നാട്ടിലിപ്പോൾ ഭരണ വിരുദ്ധവികാരം ശക്തമാണ്. എതിർചേരിയിൽ എൻ.ഡി.എ ഇതുവരെ ശക്തി വീണ്ടെടുത്തിട്ടില്ല. നിയമസഭയിൽ അഞ്ച് അംഗങ്ങളുള്ള പി.എം.കെയിൽ ആഭ്യന്തര പ്രശ്നം രൂക്ഷമാണ്. അണ്ണാ ഡി.എം.കെ സഖ്യം പ്രതീക്ഷിച്ചിരുന്ന ടി.വി.കെയ്ക്കൊപ്പം നിലവിൽ ചെറിയ പാർട്ടികൾ മാത്രമേയുള്ളൂ. പി.എം.കെയെ ഒപ്പം കൂട്ടിയാലും പ്രതീക്ഷിച്ച ശക്തി ആർജ്ജിക്കാനാവില്ല. പക്ഷെ, കഥയും ലോജിക്കുമൊന്നും ഇല്ലെങ്കിലും വിജയ് പടങ്ങൾ ബോക്സ്ഓഫീസിൽ ഹിറ്റടിക്കാറുണ്ട്. കന്നി പടപ്പുറപ്പാടിൽ ദളപതി മിന്നിക്കുമെന്ന പ്രതീക്ഷയാണ് ടി.വി.കെ അണികൾക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |