ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു വ്യാപാരിയെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ ജനരോഷം ശക്തം. ധാക്കയിലെ മിറ്റ്ഫോർഡ് ആശുപത്രിക്ക് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് ലാൽ ചന്ദ് എന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. കോൺക്രീറ്റ് സ്ലാബ് കൊണ്ട് ലാലിനെ അടിച്ചുകൊല്ലുന്നതിന്റെ ദൃശ്യം വ്യാഴാഴ്ച ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് സംഭവം രാജ്യശ്രദ്ധ നേടിയത്.
ലാൽ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അക്രമികൾ മൃതദേഹത്തിനുമുകളിൽ നിന്ന് നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലുൾപ്പെട്ടെ 19 പേരെ തിരിച്ചറിഞ്ഞെന്നും 20 ഓളം പേരെ തിരിച്ചറിയാനുണ്ടെന്നുമാണ് റിപ്പോർട്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന ആക്രമണങ്ങൾ ഇടക്കാല സർക്കാർ തടയുന്നില്ലെന്ന് കാട്ടി ഹിന്ദു സംഘടനകളും നൂറുകണക്കിന് വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
ക്രമസമാധാനം നിലനിറുത്തുന്നതിനും സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതിനും രാജ്യ വ്യാപക ദൗത്യം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ആദ്യം മുറാദ്‌നഗറിൽ മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ ഒരു സ്ത്രീയേയും അവരുടെ മകനേയും മകളെയും ആൾക്കൂട്ടം മർദ്ദിച്ചു കൊന്നിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ചതിന് ശേഷം ബംഗ്ലാദേശിൽ ആൾക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും കുത്തനെ ഉയർന്നിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |