കൊച്ചി: വ്യാജരേഖകൾ ചമച്ച് ആദായ നികുതി റിട്ടേണുകളിൽ ഇളവുകൾ നേടിയെടുക്കാൻ സഹായിക്കുന്ന ടാക്‌സ് പ്രാക്ടീഷണർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, ഇടനിലക്കാർ എന്നിവരുടെ സ്ഥാപനങ്ങളിൽ കേരളത്തിലുൾപ്പെടെ നടത്തിയ റെയ്ഡിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തി.
തൃശൂർ, കൊച്ചി, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ എട്ടിടങ്ങളിൽ റെയ്ഡ് നടന്നു. വ്യാജരേഖകളും കണക്കുകളും ഉപയോഗിച്ച് നികുതികളിൽ ഇളവുകൾ വാങ്ങിയതിന്റെ ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു. വ്യാജരേഖ ചമച്ച് നേടുന്ന തുകയുടെ 10 മുതൽ 20 ശതമാനം വരെ ഇടനിലക്കാർ കൈക്കലാക്കും. മെഡിക്കൽ ഇൻഷ്വറൻസ്, ഭവനവായ്‌പ എന്നിവയുടെ മറവിലാണ് നികുതിയിളവ് നേടുന്നത്.നിയമപരമായ നികുതി അടച്ചശേഷം 1961ലെ ആദായനികുതി നിയമത്തിൽ ഇളവുകൾ നൽകുന്ന വകുപ്പുകൾ ദുരുപയോഗിച്ച് റീഫണ്ട് നേടും. ഇളവുകൾ നേടാൻ വ്യാജരേഖകൾ തയ്യാറാക്കിയവർ, അനർഹമായി റീഫണ്ട് വാങ്ങിയ നികുതിദായകർ എന്നിവർക്കെതിരെ പിഴ, വിചാരണ നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഴിവായത് 1,045
കോടിയുടെ തട്ടിപ്പ്
കേരളത്തിന് പുറമെ മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു. നികുതിയിളവ് തട്ടിയെടുക്കാൻ ഇടനിലക്കാരുൾപ്പെട്ട വൻസംഘം രാജ്യവ്യാപകമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. 'നികുതിദായകരെ ആദ്യം വിശ്വസിക്കാം" എന്ന പേരിൽ വകുപ്പ് പ്രചാരണം നടത്തിയിരുന്നു. യഥാർത്ഥ നികുതി അടയ്‌ക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. നാലു മാസത്തിനിടെ 40,000 നികുതിദായകർ രേഖകൾ പുതുക്കിനൽകി. ഇതുവഴി 1,045 കോടി രൂപയുടെ നികുതിയിളവ് തട്ടിപ്പ് ഒഴിവാക്കാൻ കഴിഞ്ഞു.
തട്ടിപ്പിൽ വമ്പന്മാർ,
പിടിക്കാൻ എ.ഐ
വ്യാജരേഖകൾ വഴി നികുതിയിളവ് നേടിയവരിൽ ബഹുരാഷ്ട്ര കമ്പനികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ വൻതുക ശമ്പളം വാങ്ങുന്നവരും സംരംഭകരും ഉൾപ്പെടുന്നു.നികുതി റിട്ടേണുകൾ സമർപ്പിക്കാൻ സഹായിക്കുന്ന ഇടനിലക്കാർ നൽകിയ രേഖകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. രേഖകളും നേരിട്ട് നടത്തിയ അന്വേഷണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയും തട്ടിപ്പ് കണ്ടെത്താൻ സഹായിച്ചു. രേഖകളും മറ്റും സമർപ്പിക്കാൻ താത്കാലിക ഇ-മെയിലുകളും ഇടനിലക്കാർ ഉപയോഗിച്ചതായി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |