ന്യൂഡൽഹി: ഈ അദ്ധ്യയന വർഷത്തെ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ നാളെ തുടങ്ങാനിരിക്കെ, കീം പരീക്ഷാ ഫലത്തിൽ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകം. പരീക്ഷാഫലം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിയും, പുന:ക്രമീകരിച്ച റാങ്ക് പട്ടികയും ചോദ്യം ചെയ്‌ത് 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുമോയെന്നാണ് വിദ്യാർത്ഥികൾ ഉറ്റു നോക്കുന്നത്.,
ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. പി.എസ്. സുൽഫിക്കർ അലി എന്നിവർ ഹാജരാകും. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തടസ ഹർജി സമർപ്പിച്ചിട്ടുണ്ട്.
കീം ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റെന്ന് കേരള സിലബസ് വിദ്യാർത്ഥികളുടെ ഹർജിയിൽ പറയുന്നു. സ്റ്റേയില്ലെങ്കിൽ അപരിഹാര്യമായ നഷ്‌ടമുണ്ടാകും. റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവന്നത്. അക്കാര്യം മനസിലാക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടു. പുതിയ റാങ്ക് ലിസ്റ്റ് തങ്ങളെ ഗുരുതരമായി ബാധിക്കും. മാർക്ക് സമീകരണം സംബന്ധിച്ച റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസ്‌പെക്‌ടസിലെ ഭേദഗതിയെന്നും ഹർജിയിൽ പറയുന്നു.
പകുതി വില തട്ടിപ്പ്:
ഹർജി തള്ളി
ന്യൂഡൽഹി: പകുതി വില തട്ടിപ്പു കേസിലെ പ്രതിസ്ഥാനത്തു നിന്ന് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരെ ഒഴിവാക്കിയ ഹൈക്കോടതി നടപടിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. തട്ടിപ്പിനിരയായവരുടെ സംഘടനയായ 'ജ്വാല" ഉൾപ്പെടെ സമർപ്പിച്ച ഹർജികൾ തള്ളി. സമഗ്ര അന്വേഷണം ഉറപ്പാക്കാൻ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യവും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചില്ല. നിലവിലെ അന്വേഷണം തുടരട്ടെയെന്ന് നിലപാടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |