കൊല്ലം: ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചികയും മകൾ വൈഭവിയും ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. വിപഞ്ചികയുടെ ഭർത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവിനെ രണ്ടാം പ്രതിയും നിതീഷിന്റെ അച്ഛൻ മോഹനനെ മൂന്നാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ,സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞത് മുതൽ നിതീഷിൽ നിന്ന് വിപഞ്ചിക പീഡനം നേരിട്ടിരുന്നതായി ആരോപണമുണ്ട്. അതിനാൽ ഷാർജയിൽ നടന്ന കുറ്റകൃത്യം ഇവിടെ അന്വേഷിക്കണമെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആവശ്യം. ഷാർജയിലെ പരിശോധനകളിൽ വിശ്വാസമില്ലെന്നും നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഭർതൃകുടുംബത്തിനെതിരെ വിപഞ്ചിക ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് അപ്രത്യക്ഷമായതിൽ ദുരൂഹതയുണ്ടെന്നും പരാതിയുണ്ട്. വിപഞ്ചിക ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും കാണാതായതും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കഴിഞ്ഞ 8ന് ഷാർജസമയം രാത്രി പത്തോടെയാണ് വിപഞ്ചികയെയും മകളെയും ഷാർജ അൽ നഹ്ദയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിപഞ്ചികയും നിതീഷും പ്രത്യേകം ഫ്ലാറ്റുകളിലാണ് താമസിച്ചിരുന്നത്. രാത്രി കൂട്ടുകിടക്കാനെത്തിയ ജോലിക്കാരി ഏറെനേരം വിളിച്ചിട്ടും വിപഞ്ചിക വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. താനും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് നിതീഷ് പറഞ്ഞത്. ഇത് വിശ്വസനീയമല്ലെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ പറഞ്ഞു.
വിപഞ്ചികയുടെ സഹോദരൻ
നാളെ ഷാർജയിലെത്തും
കൊല്ലം: വിപഞ്ചികയുടെ സഹോദരൻ കാനഡയിൽ ജോലി ചെയ്യുന്ന വിനോദ് ഇന്ന് ഷാർജയിലെത്തി നിയമനടപടികൾ സ്വീകരിക്കും. പ്രതിസ്ഥാനത്തുള്ളവരെ ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഒരുമിച്ച് നാട്ടിലെത്തിക്കാനാണ് കുടുംബത്തിന്റെ ശ്രമം. എന്നാൽ കുഞ്ഞിന്റെ മൃതദേഹം തങ്ങൾക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിലാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |