തിരുവനന്തപുരം:സ്ഥിരം വി.സിയെനിയമിക്കാൻ സുപ്രീം കോടതി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതോടെ, ഡിജിറ്റൽ സർവകലാശാലാ വി.സി നിയമനത്തിന് ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് അപ്രസക്തമായി.
വി.സിമാരില്ലാത്ത പതിനൊന്ന് സർവകലാശാലകളിലും സുപ്രീംകോടതിയുടെ ഫോർമുല പ്രകാരം നിയമനത്തിനും കളമൊരുങ്ങാനിടയുണ്ട്.
താത്കാലിക വി.സിമാരായ ഡോ.സിസാതോമസ്, ഡോ.ശിവപ്രസാദ് എന്നിവരുടെ നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതുമില്ല.
സ്ഥിരം വി.സി നിയമനം പൂർത്തിയാവുന്നതുവരെ ഇവർക്ക് തുടരാം, വി.സി നിയമനത്തിന് അപേക്ഷിക്കാനും ഇരുവർക്കും കഴിയും.
പുനർനിയമന വിജ്ഞാപനങ്ങളുടെ നിയമപരമായ സാധുത പരിശോധിക്കുന്നതിലേക്ക് കോടതി കടന്നില്ല. സ്‌തംഭനാവസ്ഥ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. നിയമപരമായ വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യാൻ ഉദ്ദ്യേശിക്കുന്നില്ല. താത്കാലിക വി.സി പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ബലം പിടിക്കരുത്. സ്ഥിരം വി.സി നിയമനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും വ്യക്തമാക്കി. ഗവർണറും സർക്കാരും സൗഹൃദാന്തരീക്ഷത്തിൽ ഒരുമിച്ചിരുന്ന് ചർച്ച നടത്തി മഞ്ഞുരുക്കണമെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, താത്കാലിക വി.സി നിയമനത്തിൽ ഗവർണറുടെ നിലപാട് കോടതി തള്ളുകയും ചെയ്തു. ഇരു സർവകലാശാലകളുടെയും നിയമപ്രകാരമാകണം താത്കാലിക വി.സി നിയമനങ്ങൾ നടത്തേണ്ടതെന്ന് ജൂലായ് 30ന്റെ ഉത്തരവിൽ കൃത്യമായി പറഞ്ഞിരുന്നതല്ലേയെന്ന് ഗവർണറോട് ചോദിച്ചു. സർക്കാർ പാനലിൽ നിന്നായിരിക്കണം നിയമനമെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാല നിയമത്തിലെ വ്യവസ്ഥയെ എങ്ങനെ അവഗണിക്കാൻ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിക്കുകയും ചെയ്തു.
സെർച്ച് കമ്മിറ്റി വാദം കൊഴുത്തു,
കോടതി സ്വന്തം വഴി നോക്കി
ന്യൂഡൽഹി: വി.സി.നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ ചൊല്ലിയുള്ള വാദം മുറുകവേയാണ്സുപ്രീം കോടതി അതിനു സ്വന്തം വഴി കണ്ടെത്തിയത്. സർവകലാശാല നിയമങ്ങളും യു.ജി.സി മാനദണ്ഡങ്ങളും പ്രകാരം തങ്ങൾക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് സർക്കാർ വാദച്ചു. എന്നാൽ ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. അതിനാലാണ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയത്. അധികാര വടംവലിയല്ല നടക്കുന്നത്. ഫെഡറലിസവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌ത, സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശി എന്നിവർ വാദിച്ചു.
#സെർച്ച് കമ്മിറ്റിയെ നിയോഗിക്കാനുള്ള അധികാരം ഗവർണർക്കാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ചൂണ്ടിക്കാട്ടി. ചാൻസലർ നിയോഗിക്കുന്ന സെർച്ച് കമ്മിറ്റിയുടെ ശുപാർശയിന്മേൽ വി.സിയെ നിയമിക്കുകയാണ് നിയമം. യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ. താത്കാലിക വി.സി നിയമനം സർക്കാർ പാനലിൽ നിന്ന് വേണമെന്നാണ് സർക്കാർ വാശി പിടിക്കുന്നതെന്നും ഗവർണർ അറിയിച്ചു. പശ്ചിമബംഗാളിൽ വി.സി നിയമന തർക്കമുണ്ടായപ്പോൾ സുപ്രീംകോടതി ഉന്നതതല സമിതി രൂപീകരിച്ചതും ശ്രദ്ധയിൽപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |