#അദ്ധ്യക്ഷൻ റിട്ട.സുപ്രീംകോടതി
ജഡ്‌ജി സുധാൻഷു ധൂലിയ
# സർക്കാരിനോടും ഗവർണറോടും
വീണ്ടും കൈകൂപ്പി സുപ്രീംകോടതി
ന്യൂഡൽഹി : ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനങ്ങളിൽ ഗവർണറും സർക്കാരും പോരടിക്കുന്നതിനിടെ, സമാന വിഷയത്തിൽ ബംഗാളിൽ നിലവിൽ വന്നതുപോലുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനും നിയമനം നടത്താനും
സുപ്രീംകോടതി ഉത്തരവ്. റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയയെ സെർച്ച് കമ്മിറ്റിയുടെ അദ്ധ്യക്ഷനായും നിയോഗിച്ചു.
ബംഗാൾ മാതൃകയിൽ കമ്മിറ്റി വേണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന കോടതി അംഗീകരിക്കുകയായിരുന്നു. ബംഗാളിലെ സർക്കാർ-ഗവർണർ തർക്കത്തെ തുടർന്ന് റിട്ടയേർഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ അദ്ധ്യക്ഷനാക്കിയാണ് വി.സി നിയമനത്തിനുള്ള സമിതി രൂപീകരിച്ചിരുന്നത്.
വി.സി നിയമനപ്രക്രിയ ആറാഴ്ചയ്‌ക്കകം പൂർത്തിയാക്കണം. കമ്മിറ്റിയിൽ അഞ്ചംഗങ്ങളുണ്ടാകണം. രണ്ടു സർവകലാശാലകൾക്കുമായി ഒറ്ര കമ്മിറ്രിയോ, പ്രത്യേകം കമ്മിറ്റികളോ രൂപീകരിക്കാം. ഗവർണറും സർക്കാരും സമർപ്പിച്ച പട്ടികകളിൽ നിന്ന് സമിതി അദ്ധ്യക്ഷൻ രണ്ടുപേരെ വീതം നിയമിക്കണം.
ആത്യന്തികമായി സമിതി രൂപീകരണം ചെയർപേഴ്സന്റെ വിവേചനാധികാരത്തിന് വിടുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 10 പേരുടെ പട്ടിക സർക്കാർ കൈമാറിയിട്ടുണ്ട്. ചാൻസലർ കൂടിയായ ഗവർണർ എട്ടു പേരുടെ പട്ടികയും. ഇതിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുമുണ്ടെന്ന് അറിയുന്നു.
റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജിക്കു മാത്രം ഓരോ സിറ്റിംഗിനും സംസ്ഥാന സർക്കാർ മൂന്നു ലക്ഷം വീതം നൽകണം. മറ്റു ചെലവുകൾ വേറെ. സർക്കാരും ഗവർണറും സഹകരിക്കണമെന്ന് ഇന്നലെയും സുപ്രീംകോടതി കൈകൂപ്പി അഭ്യർത്ഥിച്ചു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജിയും പുനർനിയമന വിജ്ഞാപനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജികളുമാണ് സുപ്രീംകോടതി പരിഗണിച്ചത്.
രണ്ടാഴ്ചയ്ക്കകം സെർച്ച് കമ്മിറ്റി
1. രണ്ടാഴ്ചയ്‌ക്കകം അദ്ധ്യക്ഷൻ സെർച്ച് കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാം.
കമ്മിറ്റിയെ നയിക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. സ്ഥിരം വി.സി നിയമനത്തിനായുള്ള മൂന്നുപേരുടെ പട്ടിക തയ്യാറാക്കാൻ സമിതിയെ സഹായിക്കണം
അപേക്ഷ ക്ഷണിക്കേണ്ടത്
വിദ്യാഭ്യാസ വകുപ്പ്
സർക്കാരിന്റെ നോഡൽ വകുപ്പായി വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. വി.സി പദവിയിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകണം. സുപ്രീംകോടതി ഉത്തരവിനെ കുറിച്ച് പരസ്യത്തിൽ കൃത്യമായി സൂചിപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാൻ നാലാഴ്ച സമയം നൽകണം. അപേക്ഷകൾ പരിശോധിച്ച് കമ്മിറ്റി അദ്ധ്യക്ഷന് കൈമാറണം. അദ്ദേഹം സെർച്ച് കമ്മിറ്റിക്ക് മുൻപാകെ വയ്ക്കണം.
മുൻതൂക്കം മുഖ്യമന്ത്രിക്ക്
ബംഗാൾ കേസിലെ നടപടിക്രമങ്ങൾ കേരളത്തിലും നടപ്പായാൽ മുഖ്യമന്ത്രിക്ക് മുൻതൂക്കം ലഭിക്കും. ഓരോ സർവകലാശാലയിലെയും വി.സി നിയമനത്തിനായി സമിതി നൽകുന്ന മൂന്നുപേരുടെ പട്ടികയിൽ നിന്ന് മുഖ്യമന്ത്രിക്ക് മുൻഗണന നിശ്ചയിച്ച് പേരുകൾ ഗവർണർക്ക് കൈമാറാൻ കഴിയും. ആദ്യപേര് തന്നെ തിരഞ്ഞടുക്കണമോയെന്നത് ഗവർണറുടെ വിവേചനാധികാരം. വി.സിയെ തീരുമാനിച്ച് വിജ്ഞാപനമിറക്കാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണർക്കാണ്. പോര് തുടർന്നാൽ വീണ്ടും സുപ്രീംകോടതിയിലെത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |