തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപ്പൊട്ടി. സുരക്ഷാചുമതലയിലുള്ള ഗ്രേഡ് എസ്.ഐയുടെ തോക്കിൽനിന്നാണ് വെടിപൊട്ടിയത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് എസ്.ഐയെ ക്ഷേത്ര സുരക്ഷാച്ചുമതലയിൽ നിന്നൊഴിവാക്കി സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാറ്റി.
ഡ്യൂട്ടിക്കുശേഷം കൺട്രോൾ റൂമിനോട് ചേർന്നുള്ള, ഉദ്യോഗസ്ഥർക്ക് ആയുധങ്ങൾ പരിശോധിക്കുന്നതിനും വൃത്തിയാക്കാനുമുള്ള
പ്രത്യേക മുറിയിലായിരുന്നു സംഭവം. പതിവുപോലെ തോക്ക് വൃത്തിയാക്കുകയായിരുന്നു ഗ്രേഡ് എസ്.ഐ. വെടിയുണ്ടകൾ നീക്കം ചെയ്ത ശേഷമാണ് സാധാരണ തോക്കുകൾ വൃത്തിയാക്കാറുള്ളത്. എന്നാൽ ഇന്നലെ ഉദ്യോഗസ്ഥന്റെ കൈയിലുണ്ടായിരുന്ന തോക്കിൽ ഒരു വെടിയുണ്ട അവശേഷിച്ചിരുന്നു. അബദ്ധത്തിലാണ് ഇത് സംഭവിച്ചതെന്നാണ് വിശദീകരണം. തോക്കിന്റെ പ്രവർത്തനം ശരിയെന്ന് ഉറപ്പാക്കാൻ ട്രിഗർ വലിച്ച സമയത്ത് വെടി പൊട്ടുകയായിരുന്നു. വെടിയുണ്ട മേശയിൽ തുളഞ്ഞുകയറി. തോക്ക് വൃത്തിയാക്കുന്ന സമയത്ത് മറ്റാരും മുറിയിലുണ്ടായിരുന്നില്ല. അതിനാൽ ആളപായമൊഴിവായി. ശബ്ദം കേട്ട് ഉദ്യോഗസ്ഥർ പാഞ്ഞെത്തി. തോക്കും പെല്ലറ്റുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ഡി.സി.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |