കോട്ടയം: പാല ഉപതിരഞ്ഞെടുപ്പിലെ പ്രചാരണം ശക്തമാക്കുന്നതിന് ത്രിപുരയിൽ നിന്നും നേതാവിനെ ഇറക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം. ത്രിപുരയിലെ 25 വർഷം നീണ്ട സി.പി.എം ഭരണത്തിനെ താഴെയിറക്കി ബി.ജെ.പിക്ക് അധികാരം ലഭിക്കാൻ ചുക്കാൻ പിടിച്ച ദേശീയ സെക്രട്ടറി സുനിൽ ദേവ്ധറാണ് പാലായിൽ എത്തിയത്. കേഡർ പാർട്ടിയായ സി.പി.എമ്മിനെ ത്രിപുര മോഡലിൽ കേരളത്തിൽ എങ്ങനെ തകർക്കണമെന്ന് സുനിൽ ദേവ്ധർ പ്രവർത്തകർക്ക് ക്ലാസെടുത്തു.
ഹിന്ദി ദേശീയ ഭാഷയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുനിൽ ദേവ്ധർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരെയും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ കെ.സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. നിലവിൽ ബി.ജെ.പി ദേശീയ സെക്രട്ടറിയായ സുനിൽ, ത്രിപുരയുടെ ചുമതലയും ആന്ധ്രാപ്രദേശിന്റെ സഹചുമതലയും വഹിക്കുന്നുണ്ട്. സീറ്റ് ലഭിക്കില്ല എന്നുള്ള സാഹചര്യമുള്ള ഇടത്തുപോലും സീറ്റ് ഉറപ്പിക്കുന്ന പ്രചാരണം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് സുനിലിനെ സംസ്ഥാന നേതൃത്വം പാലായിൽ ഇറക്കിയത്. ഇതോടെ വിജയ പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |