പത്തനംതിട്ട : ഉപ്പു തൊട്ട് കർപ്പൂരത്തിന് വരെ വില കുതിച്ചു കയറിയിട്ടും സർക്കാർ ഇടപെടലുകൾ ഉണ്ടാകാത്തത് ജനത്തെ വലയ്ക്കുന്നു. വിവാദങ്ങൾ തിളയ്ക്കുന്ന നാട്ടിൽ സാധനവില കുത്തനെ ഉയർന്നത് ആരും ഗൗരവമായി എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കുമുണ്ടായ വില വർദ്ധന മറ്റ് സാധനങ്ങളുടെ വില കൂടാനും കാരണമായി. വെളിച്ചെണ്ണയ്ക്ക് പകരമായി സൺ ഫ്ളവർ ഓയിലിന്റെയും പാമോയിലിന്റെയും ഉപയോഗം വർദ്ധിച്ചതോടെ അവയ്ക്കും വിലയേറി. ഉച്ചഭക്ഷണത്തിന് പത്ത് മുതൽ ഇരുപത് രൂപ വരെ വർദ്ധിച്ചു. നാട്ടിലെ തേങ്ങ ക്ഷാമം കാരണം വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ആറ് മാസത്തിനുള്ളിൽ വെളിച്ചണ്ണയുടെ വില ഇരുന്നൂറ് രൂപയിലേറെയാണ് വർദ്ധിച്ചത്. തേങ്ങയ്ക്ക് നാൽപ്പത് രൂപയോളം കൂടി. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി ഉത്പ്പന്നങ്ങളുടെ വിലയും പൊള്ളുകയാണ്. മുറുക്കിനും പക്കാവടയ്ക്കും കപ്പ വറുത്തതിനുമൊക്കെ ഇരുപത് രൂപയിലധികമാണ് വിലയേറിയത്. വില വർദ്ധനയിൽ ജനം നട്ടംതിരിയുമ്പോൾ വിലക്കുറവിൽ വ്യാജസാധനങ്ങളും വിപണിയിലിറങ്ങിയിട്ടുണ്ട്.
സദ്യയ്ക്ക് വിലയേറും
ഇക്കണക്കിന് പോയാൽ ഓണസദ്യയ്ക്കും വിലയേറും. സാധാണ സദ്യയ്ക്ക് നിലവിൽ 200രൂപയാണ്. 25രൂപയെങ്കിലും കൂട്ടിയാൽ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകൂവെന്ന് കാറ്ററിംഗ് മേഖലയിലുള്ളവർ പറയുന്നു. ഓണസദ്യയ്ക്ക് കഴിഞ്ഞ വർഷം 180 - 200രൂപയായിരുന്നു.
പ്രതികരണങ്ങൾ
വെളിച്ചെണ്ണ വില ഉയർന്നതിനാൽ മിച്ചർ ,പക്കാവട തുടങ്ങിയ സ്‌നാക്‌സ് ഇനങ്ങളുടെ വിലയും വർദ്ധിച്ചു . ചില കമ്പനികൾ നിലവിൽ 90 രൂപയുണ്ടായിരുന്ന മിച്ചറിന് ഇപ്പോൾ 110 രൂപയാണ് ഈടാക്കുന്നത് . കുട്ടികൾക്ക് സ്കൂളിൽ ടിഫിൻ കൊടുത്ത് വിടാൻ രണ്ടാഴ്ചത്തേയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്ന ധാരാളം പേരുണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വില ചോദിച്ചു ഞെട്ടി സാധനങ്ങൾ തിരിച്ചു വെയ്ക്കുകയാണ് .ഓണവിപണിയിലെ കച്ചവടത്തെ കാര്യമായി ബാധിക്കും
ആറ്റക്കോയ പുത്തൻമാളിയേക്കൽ
ഭാരത് ബേക്കറി, അടൂർ
കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഒരു മാസം മുൻപ് എടുത്ത ഓർഡറുകൾ വൻ നഷ്ടത്തിൽ ചെയ്തുകൊടുക്കേണ്ടി വരും. വെളിച്ചെണ്ണ, തേങ്ങ വില പിടിച്ചു നിറുത്താൻ സർക്കാർ ഇടപെടണം.
പ്രശാന്ത് ആതിര, ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
വെളിച്ചെണ്ണ വില റെക്കാഡിലെത്തിയിട്ടും ആരും ഇടപെടുന്നില്ല. തേങ്ങയുടെ ഉദ്പ്പാദനം കുറഞ്ഞപ്പോൾ വില കുതിച്ചുകയറി. സാധാരണക്കാർ ബുദ്ധിമുട്ടിലാണ്.
മല്ലിക സി.ലാൽ, തേക്കുതോട് (വീട്ടമ്മ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |