കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിർണായക വഴിത്തിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി പന്തീരങ്കാവ് കൈമ്പാലം പള്ളിപ്പുറം സ്വദേശി ഷിബിൻ ലാലിന്റെ വീടിന് സമീപത്ത് നിന്നാണ് പണം കണ്ടെത്തിയത്. പ്രതിയിൽ നിന്ന് മുൻപ് ഒരു ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ബാക്കി പണം കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തിയത്. ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിൽ പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. പ്രതിയുമായെത്തിയാണ് പൊലീസ് പണം കുഴിച്ചെടുത്തത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കെെമ്പാലം സ്വദേശിക്ക് കെെമാറിയിരുന്നുവെന്നാണ് ഷിബിൻ ലാൽ ആദ്യം മൊഴി നൽകിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീണ്ടും ഷിബിൻ ലാലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്നാണ് പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിപ്പറിച്ച് ഷിബിൻ ലാൽ രക്ഷപ്പെട്ടത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |