തലശ്ശേരി:വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ചില ശക്തികളുടെ ശ്രമം വിലപ്പോവില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ തലശ്ശേരി മണ്ഡലത്തിലെ ഹയർ സെക്കൻഡറി പരീക്ഷ ഉന്നതവിജയികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ സമയത്തിൽ രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം എടുത്ത് പഠിച്ചാൽ ഒന്നും സംഭവിക്കില്ല. മതത്തിന്റെ കാര്യം പറഞ്ഞ് സർക്കാരിനെ വിരട്ടാമെന്ന് ആരും കരുതണ്ട. സർക്കാർ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യും. കാസർകോട് ജില്ലയിൽ മുൻ അദ്ധ്യാപകരെന്ന് പറഞ്ഞത് സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് കാല് കഴുകിച്ചു. ഇത്തരം പ്രവണത സർക്കാർ അംഗീകരിക്കില്ല. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പ്രവണത പ്രോത്സാഹിപ്പിച്ചാൽ സ്‌കൂൾ പ്രവർത്തിക്കാൻ നൽകിയ അനുവാദം പിൻവലിക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വിദ്യാർത്ഥികളെ ഓൾ പ്രൊമോഷൻ ആക്കുന്ന രീതിക്ക് പകരം സബ്‌ജെക്ട് മിനിമം ഏർപ്പെടുത്തി. പാവപ്പെട്ടവന്റെ മക്കൾ പഠിക്കുന്ന സ്ഥാപനം നന്നാകരുതെന്നാണ് പലരുടെയും ആഗ്രഹം. കുട്ടികളിൽ നല്ല വായന പ്രോത്സാഹിപ്പിക്കാനായി പത്രം, പുസ്തകങ്ങൾ എന്നിവ വായിച്ചു ഏറ്റവും നല്ല പ്രൊജ്ര്രക് തയ്യാറാക്കുന്ന വിദ്യാർത്ഥികൾക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |