ഹരിപ്പാട്: അസാമാന്യ ഓർമ്മശക്തിയും അതിവേഗ ഗ്രാഹ്യശക്തിയും മൂന്ന് വയസുകാരിയായ സിയാമർയത്തെ കൊണ്ടെത്തിച്ചത് ലോക റെക്കാഡുകളുടെ നെറുകയിൽ. ഇന്റർനാഷനൽ ബുക് ഒഫ് റെക്കാഡ്സ് ഉൾപ്പടെ നാല് ബഹുമതികളാണ് കാർത്തികപ്പള്ളി അൽഷിഫയിൽ നഫ്സൽ, ഐഷാ ദമ്പതികളുടെ മകളായ ഈ കൊച്ചുമിടുക്കിയെ തേടി ഇതിനകമെത്തിയത്. ഇന്റർനാഷനൽ ബുക് ഒഫ് റെക്കാഡ്സ് 'സുപ്പർ ടാലന്റഡ് കിഡ്' പദവി നൽകി ആദരിച്ചതിന് പുറമേ, വൺ ഇൻ എ മില്യൺ ബഹുമതിയും നൽകി.
അതിവേഗം 300ലധികം വസ്തുക്കൾ തിരിച്ചറിയാനും അവയുടെ പേരുകൾ പറയാനുമുള്ള അപാര കഴിവ് തെളിയിച്ചുകൊണ്ടാണ് സിയാമർയം ബഹുമതികളുടെ നെറുകയിലെത്തിയത്.
വസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ, ശരീരഭാഗങ്ങൾ, നിറങ്ങൾ, ബാലഗാനങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, മാസങ്ങൾ, വാഹനങ്ങൾ, ഗൃഹജീവികൾ, ആകൃതികൾ, ഗ്രഹങ്ങൾ, ദേശീയ പതാകകൾ, മൃഗ ശബ്ദങ്ങൾ, പ്രമുഖ നേതാക്കൾ, ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങൾ, മലയാളം, ഇംഗ്ലീഷ്, അക്ഷരമാലകൾ എന്നിവയെല്ലാം ഈ കൊച്ചുമിടുക്കി മണിമണിപോലെ പറയും. കൂടാതെ, ഒന്ന് മുതൽ പത്ത് വരെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ എണ്ണാനും കഴിയും. അതിവേഗ ഗ്രാഹ്യശക്തിയിൽ കലാംസ് വേൾഡ് റെക്കാഡ്സിന്റെ എക്സ്‌ട്രാ ഗ്രാസിംഗ് പവർ ജീനിയസ് കിഡ് എന്ന ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ്സ്, വേൾഡ് വൈഡ് ബുക് ഒഫ് റെക്കാഡ്സ് എന്നിവയും സിയാമറിയമിന് ബഹുമതികൾ നൽകിയിട്ടുണ്ട്. വീടിനടുത്ത അങ്കണവാടിയിൽ പോകുന്ന ഈ കൊച്ചു മിടുക്കിയുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകേണ്ട ചുമതല ട്രാവൽ ഏജൻസിയിൽ ജോലി നോക്കുന്ന മാതാവ് ഐഷയ്ക്കാണ്. പിതാവ് നഫ്സൽ മസ്‌ക്കറ്റിൽ ജോലിചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |