തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാംസപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടംനേടിയത് 5,729 പേർ.14,056 അപേക്ഷകളാണ് പരിഗണിച്ചത്.ഇതിൽ 1,906 പേർ സ്വന്തം ജില്ലയ്ക്ക് പുറമേ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്.രണ്ടാംസപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും മെറിറ്റിൽ 23,340 സീറ്റ് ശേഷിക്കുന്നുണ്ട്.മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (എം.ആർ.എസ്) 14 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു.361 സീറ്റുകൾ ശേഷിക്കുന്നുണ്ട്.അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ നാളെ വൈകിട്ട് നാലുവരെ പ്രവേശനം നേടാം.അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ സർട്ടിഫിക്കറ്റുകളുടെ അസൽസഹിതം ഹാജരാകണം.തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 18 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കേരള വിദ്യാഭ്യാസ സമിതി പുനഃസംഘടിപ്പിച്ചു
തിരുവനന്തപുരം: കേരള വിദ്യാഭ്യാസ സമിതി പുനഃസംഘടിപ്പിച്ചു.സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ടാണ് അദ്ധ്യക്ഷൻ. കൺവീനറായി എ. കെ.പി.സി. ടി.എ മുൻ ജനറൽ സെക്രട്ടറി ഡോ. സി പത്മനാഭൻ ചുമതലയേറ്റു.
പി.എം.ഉഷ ഫണ്ട് ലാപ്സായേക്കും
തിരുവനന്തപുരം: രാഷ്ട്രീയക്കളിയെത്തുടർന്ന് സർവകലാശാലകളിലെ ഭരണസ്തംഭനം കാരണം കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച 400 കോടി രൂപയുടെ പി. എം. ഉഷ ഫണ്ട് ലാപ്സാകാൻ സാധ്യതയേറി. മാർച്ച് 31 നു മുമ്പ് അക്കാഡമിക്ക് പ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിച്ചിട്ടുള്ള തുക പൂർണ്ണമായും വിനിയോഗിക്കേണ്ടതാണ്. സർവകലാശാലകൾ സ്ഥിരം വ്യവസ്ഥകൾ ഇളവ് വരുത്തി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ മൂന്നു സർവകലാശാലകളിലും നിരന്തരമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളും വിസിമാർക്ക് ഓഫീസിൽ ഹാജരാകാനാകാത്തതും സിൻഡിക്കേറ്റ് കമ്മിറ്റികൾ ചേരാനാകാത്തതും ഫണ്ട് ചെലവിടാൻ തടസമായിരിക്കുകയാണ്.
മാനേജ്മെന്റ് സീറ്റിൽ ബി.ടെക് പ്രവേശനം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് പ്രവേശനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. 18നകം കോളേജ് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 21ന് വൈകിട്ട് 5നകം കെ.എസ്.ആർ.ടി.സി സി.എം.ഡിയ്ക്ക് ലഭിക്കണം. വിവരങ്ങൾക്ക്: www.sctce.ac.in, 9495565772, 0471-2490572.
സ്പോർട്സ് ക്വാട്ട പ്രവേശനം
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിൽ സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിന് 18ന് രാവിലെ 11നകം യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തിച്ചേരണം. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം.
അയ്യങ്കാളി ടാലന്റ് സെർച്ച് ആൻഡ്
ഡെവലപ്മെന്റ് സ്കോളർഷിപ്പ്
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 4,7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും 5,8 ക്ലാസുകളിൽ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠനം തുടരുന്നതുമായ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള അയ്യങ്കാളി ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇതിനായി 28 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്യും. സ്കോളർഷിപ്പിനുള്ള അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും കോർപ്പറേഷൻ/ ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |