പാലോട്: പന്നിഫാമിന്റെ മറവിൽ നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നുള്ള മാലിന്യം വനത്തിൽ തള്ളാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരും വാഹനവും പിടിയിലായി. പനവൂർ എസ്.എൻ.പുരം ശോഭനം വീട്ടിൽ സജീവ് കുമാർ (45), നേപ്പാൾ സ്വദേശി ഖാലി ബഹദൂർ പരിയാർ (24) മാലിന്യം കൊണ്ടുവന്ന KL -10 - AG 0200 നമ്പർ കണ്ടെയ്നർ ലോറിയുമാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടിയത്.
അഞ്ചു ദിവസങ്ങൾക്ക് മുൻപ് ചെമ്പൻകോട് പന്നിഫാമിലേക്ക് മാലിന്യമെത്തിക്കാൻ ശ്രമിച്ച ഫാം ഉടമ മധു ജോൺസണെയും ഇന്നോവ കാറും വനംവകുപ്പ് പിടികൂടിയിരുന്നു. ഫാമിലേക്ക് പന്നിക്കുള്ള ഭക്ഷണമെന്ന വ്യാജേനയാണ് മാലിന്യമെത്തിച്ചതും വനംവകുപ്പ് പിടികൂടിയതും. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയെയും പ്രതിചേർത്തു.
കോർപ്പറേഷൻ മാലിന്യങ്ങൾ കരാറെടുത്തവർ തമിഴ് നാട്ടിലേക്കാണ് കൊണ്ടുപോയിരുന്നത്. അവിടെ പരിശോധന കർശനമാക്കിയതോടെയാണ് മാലിന്യം വനമേഖലയിലെത്തിക്കുന്നത്.
പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്, ഫോറസ്റ്റർ സന്തോഷ്,ബി.എഫ്.ഒമാരായ ഡോൻ, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നെടുമങ്ങാട് വനംകോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പരിശോധനകൾ കർശനം
കാഞ്ചിനട ചെമ്പൻകോട് വനമേഖലയോടു ചേർന്ന് നടത്തുന്ന പന്നിഫാമിൽ എത്തിക്കുന്ന മാലിന്യത്തിൽ നിന്നുള്ള മലിനജലം എത്തിച്ചേരുന്നത് വാമനപുരം നദിയിലാണ്. നാല്പത്തി അഞ്ചോളം സ്കൂളുകളിലും ഏഴോളം കുടിവെള്ള പദ്ധതികളിലേക്കും ആവശ്യമായ വെള്ളം ശേഖരിക്കുന്നത് ഈ നദിയിൽ നിന്നാണ്.ഇതിനാലാണ് വനംവകുപ്പ് പരിശോധനകൾ കർശനമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |