വളരെ രസകരമായ പല വീഡിയോകളും ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിൽ ഒരു കരടിയുടെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. കരടി എന്ന് കേട്ടാൽ പേടിയാകുമെങ്കിലും ഈ കരടിയെ കണ്ട് ചിരിക്കുകയാണ് സെെബർ ലോകം. ന്യൂ ഹാംഷെയറിലാണ് സംഭവം നടന്നത്. സാധാരണ വന്യമൃഗങ്ങൾ വീട്ടിൽ അതിക്രമിച്ച് കയറാറുണ്ട്. എന്നാൽ ആ പതിവ് ഇവിടെ തെറ്റിച്ചിരിക്കുകയാണ് നമ്മുടെ കരടിക്കുട്ടൻ.
കരടി തന്റെ പിൻകാലിൽ നിന്ന് ഒരു വീടിന്റെ ഡോർബെല്ലടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ജെയ് ലിവൻസ് എന്നയാളാണ് ന്യു ഹാംഷെയറിലെ ഒരു ലോക്കൽ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. വീടിന് മുന്നിൽ അലഞ്ഞുതിരിഞ്ഞ് നടന്ന ശേഷം കരടി വീടിന്റെ മുന്നിലെത്തി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. അവിടെയെല്ലാം ചുറ്റി നടന്ന ശേഷം കരടി തന്റെ പിൻകാലുകൾ ഉയർത്തി നിന്ന് നഖങ്ങൾ കൊണ്ട് ഡോർബെൽ അമർത്തുന്നതും വീട്ടിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.
'നിങ്ങൾ വാതിൽ തുറന്നുവോ?', 'എന്നാലും ഈ കരടി ഒരു മാന്യനാണ്. നിങ്ങൾ വീട്ടിൽ ഉണ്ടോയെന്ന് അറിയാൻ അവർ ഡോർബെൽ അടിച്ചുനോക്കി', 'ഈ കരടി വളരെ മെലിഞ്ഞാണ് ഇരിക്കുന്നത്. അതിന് വിശക്കുന്നുണ്ടെന്ന് തോന്നുന്നു','ക്യാമറ നോക്കാതെ ആരെങ്കിലും പോയി വാതിൽ തുറന്നിരുന്നുവെങ്കിലോ?','പാവം കരടി എന്തിനായിരിക്കും വന്ന് ബെല്ലടിച്ചത്', - ഇങ്ങനെ പോകുന്നു കമന്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |