പാലോട്: കാടിന്റെ വശ്യത, വെള്ളച്ചാട്ടം, സാഹസിക മലയോരയാത്ര എല്ലാം കോർത്തിണക്കി സഞ്ചാരികളെ വരവേൽക്കുകയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളായ മങ്കയവും ബ്രൈമൂറും മീൻമുട്ടിയും. തിരുവനന്തപുരത്തു നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മങ്കയമാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. കാടിന്റെ വശ്യതയെ മനോഹരമായി സഞ്ചാരികളിലെത്തിക്കുന്ന വൈവിദ്ധ്യങ്ങളായ സസ്യ ജന്തുജാലങ്ങളുടെ താവളമാണ് അരിപ്പ. തിരുവനന്തപുരത്തെ മറ്റൊരു പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് അഗസ്ത്യാ ബയോസ്ഫിയർ റിസർവിന് സമീപത്താണ്. വിതുരയിൽ നിന്ന് വനത്തിലൂടെ രണ്ട് കിലോമീറ്റർ നടന്നുവേണം വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതി, സാഹസിക വിനോദസഞ്ചാരം, ഫാം ടൂറിസം എന്നിവയെല്ലാം മലയോര ഗ്രാമങ്ങൾക്ക് പുതിയ ഉണർവേകും.
കണ്ണിന് കുളിരായി മങ്കയം
ചെമ്മുഞ്ചിയിലെ മലനിരകളിൽ നിന്ന് ചിറ്റാർ നദി വനങ്ങളിലൂടെ ഒഴുകി മങ്കയം നദിയായി രൂപാന്തരപ്പെടുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങൾ ഈ മങ്കയത്തിന് സ്വന്തമാണ്. കാളക്കയവും കുരിശടിയും. മഴക്കാടുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയിൽ കുളിച്ച് പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ ഇടം. പുഴയുടെ ഒാരത്തുകൂടി നടന്നാൽ ചെറിയ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും ഒരുക്കിയിട്ടുണ്ട്.വനത്തിലേക്ക് നീളുന്ന നടപ്പാതകളും.
60 അടി ഉയരത്തിൽ നിന്ന് അഞ്ച് തട്ടുകളിലൂടെയാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയിൽ 650 ഏക്കർ സ്ഥലത്ത് വിവിധതരം ഔഷധസസ്യങ്ങൾക്കിടയിലൂടെയാണ് മങ്കയം വെള്ളച്ചാട്ടം ഉള്ളത്.
പക്ഷികളുടെ താവളം
പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ ചെങ്കോട്ട സംസ്ഥാന പാതയ്ക്ക് അരികിലുള്ള അരിപ്പയിൽ വൈവിദ്ധ്യങ്ങളായ സസ്യജന്തുജാലങ്ങളുടെ താവളമാണ്.
270 ഓളം പക്ഷികളുടെ ആവാസ കേന്ദ്രമാണ് അരിപ്പ. പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടം. മലബാർ വേഴാമ്പലിനെ കാണാൻ സാധിക്കുന്ന ഒരിടം കൂടിയാണ് ഇവിടം.
സമ്പന്നമായ ജൈവവൈവിദ്ധ്യങ്ങളും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് സവിശേഷമായ അരിപ്പയിലൂടെയുള്ള ട്രക്കിംഗാണ് സഞ്ചാരികൾക്ക് ഏറ്റവും പ്രിയം.
ട്രക്കിംഗിന്റെ കേന്ദ്രം
അരിപ്പയിലൂടെയുള്ള ട്രക്കിംഗിന് വനം വകുപ്പിന്റെ പ്രത്യേക അനുമതി വേണം. നീളമുള്ള വളഞ്ഞുപുളഞ്ഞ ട്രക്കിംഗ് പാതകൾ, ഇടതൂർന്ന ഇലപൊഴിയും വനങ്ങൾ, പച്ചപ്പ് നിറഞ്ഞ മേച്ചിൽ പുറങ്ങൾ എല്ലാംചേർന്ന് മലയോര വിനോദസഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകളാണ് തുറന്നിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |