കൊച്ചി: ആർഭാടമില്ല. ഭാരിച്ച കെട്ടിട നികുതിയില്ല. കൂത്താട്ടുകുളം പുതുവേലിയിലെ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ കെ.കെ.രാമചന്ദ്രൻ (70) വിശ്രമ ജീവിതത്തിനായി നിർമ്മിച്ച വീട് ഒരു മാതൃകയാണ്. കല്ലും തടിയും കോൺക്രീറ്റുമില്ല. പകരം, ജി.ഐ പൈപ്പും വി- ബോർഡും തകര ഷീറ്റും. എട്ടുലക്ഷം രൂപ ചെലവിൽ 850ചതുരശ്ര അടിയിലാണ് മനോഹരമായ ഈ ഇരുനില വീടൊരുക്കിയിരിക്കുന്നത്. നാലു കിടപ്പുമുറികൾ, അടുക്കള, ഡൈനിംഗ് ഹാൾ, സ്വീകരണ മുറി, സിറ്രൗട്ട് എന്നിവയുണ്ട്. മേൽക്കൂരയിൽ ഫൈബർ സീലിംഗുള്ളതിനാൽ വീട്ടിൽ ചൂട് കുറവാണ്.
ആർഭാടരഹിതവും പരിസ്ഥിതി സൗഹൃദവുമായ ജീവിത ശൈലിയാണ് രാമചന്ദ്രന്റേത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ ഇദ്ദേഹം, പാശ്ചാത്യ രാജ്യങ്ങളിലെ ഫാം ഹൗസുകളുടെ മാതൃക അനുകരിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. രാമചന്ദ്രനും ഭാര്യ ശോഭയുമാണ് താമസക്കാർ. മക്കൾ: മമാസ് (ചലച്ചിത്ര സംവിധായകൻ), ചിന്നു, അഭിജിത്ത്. എല്ലാവരും വിവാഹിതരായി മറ്റിടങ്ങളിൽ.
'രേഖ വെള്ളത്തൂവൽ" അപരനാമം
സർവീസ് കാലയളവിൽ ചട്ടം ബാധകമാകാതിരിക്കാൻ 'രേഖ വെള്ളത്തൂവൽ" എന്ന തൂലികാനാമം സ്വീകരിച്ച്, ആനുകാലികങ്ങളിൽ പോക്കറ്റ് കാർട്ടൂണുകൾ വരച്ചിരുന്നു രാമചന്ദ്രൻ. കാർട്ടൂൺ കണ്ട് രേഖയ്‌ക്ക് ലഭിച്ചത് നൂറുകണക്കിന് പ്രേമലേഖനങ്ങൾ. പൊതുസ്ഥലത്ത് പുകവലി നിരോധിച്ച 1999ലെ ഹൈക്കോടതി ഉത്തരവിന് ഒരുപതിറ്രാണ്ട് മുമ്പേ, അതിനെതിരെ കാർട്ടൂണുകളിലൂടെ അന്ന് കോൺസ്റ്റബിളായിരുന്ന രേഖ വെള്ളത്തൂവൽ ഒറ്റയാൾ പോരാട്ടം നടത്തി. അയൽക്കൂട്ടവും റസിഡന്റ്സ് അസോസിയേഷനും കേട്ടുകേൾവിയില്ലാത്ത കാലത്ത് അടിമാലി ഇരുനൂറ് ഏക്കറിൽ 13 അയൽവീടുകളെ കൂട്ടിച്ചേർത്ത് സ്നേഹദ്വീപ് എന്ന സൗഹൃദക്കൂട്ടായ്മയുമൊരുക്കി. കോതമംഗലത്ത് പ്രിൻസിപ്പൽ എസ്.ഐയായിരിക്കെ 2010ൽ സ്വയം വിരമിച്ചു. കൊവിഡ് കാലത്ത് ഫേസ്ബുക്കിൽ 500 മിനിക്കഥകൾ പ്രസിദ്ധീകരിച്ചു. അറുപതിനായിരത്തിൽപ്പരം വരിക്കാരുള്ള ഇമ ഓൺലൈൻ മാഗസിന്റെ എഡിറ്ററാണ്. കാർട്ടൂൺ കഥകൾ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |