6.16 കോടി രൂപയുടെ നിർമാണം
കോഴിക്കോട്: ബീച്ചാശുപത്രിയിലെ ഇടുങ്ങിയ കെട്ടിടത്തിൽ നിന്ന് റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിന് ശാപമോക്ഷ മാവുന്നു. മൂന്ന് മാസത്തിനകം അത്യാധുനിക സംവിധാനത്തോടെ തയ്യാറാക്കുന്ന പുതിയ കെട്ടിടത്തിൽ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് പ്രവർത്തനമാരംഭിക്കും. 6.16 കോടി രൂപ ഉപയോഗിച്ച് ഒരു നിലയിലാണ് ലാബ് സജ്ജീകരിക്കുന്നത്. ഭാവിയിൽ മുകളിലേക്ക് കൂടുതൽ നിലകൾ നിർമിക്കാവുന്ന തരത്തിലാണ് നിർമാണം. ലാബ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം 10 വർഷമായി ബീച്ച് ആശുപത്രിയിലായിരുന്നു ലാബ് പ്രവർത്തിച്ചിരുന്നത്.
1974 ൽ പ്രവർത്തനമാരംഭിച്ചു
1974 ലാണ് ജില്ലയിൽ റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബോറട്ടറി പ്രവർത്തനമാരംഭിച്ചത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളെ ഉദ്ദേശിച്ചായിരുന്നു ലാബോറട്ടറി സ്ഥാപിച്ചത്. കോഴിക്കോട് ഡി.ഡി.ഇ ഓഫീസിന് സമീപത്തായിരുന്നു പ്രവർത്തനം. ഇതേ സ്ഥലത്താണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം ഒരുക്കിയത്. കേന്ദ്ര സർക്കാറിന്റെ പദ്ധതിയിലുൾപ്പെടുത്തി ഇന്റഗ്രേറ്റഡ് ഹെൽത്ത് ലബോറട്ടറിയായി ഉയർത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
മിതമായ നിരക്കിൽ പരിശോധന നടത്താം
നിലവിൽ ഹെമറ്റോളജി, ബയോകെമിസ്ട്രി, സിറോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളായാണ് ലബോറട്ടറി പ്രവർത്തിക്കുന്നത്. ബി.പി.എൽ, മറ്റ് മുൻഗണനാ വിഭാഗങ്ങൾക്കും പൂർണമായും സൗജന്യമായും ഇതര വിഭാഗങ്ങൾക്ക് മിതമായ നിരക്കിലുമാണ് ഇവിടെ പരിശോധനകൾ നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ നവജാത ശിശുക്കൾക്കും ന്യൂബോൺ സ്‌ക്രീനിംഗ് ടെസ്റ്റ്, ഹോർമോൺ ടെസ്റ്റ് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പരിശോധനകൾക്കാവശ്യമായ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനാണ് അധികൃതരുടെ ശ്രമം. ഡോക്ടറുടെ കുറുപ്പടിയുമായി എത്തുന്ന ഏതൊരാൾക്കും പബ്ലിക് ഹെൽത്ത് ലാബിന്റെ സേവനം ലഭ്യമാകും. ഇതിന് ഒ.പി.യും ഐ.പി.യും ബാധകമല്ല.
'' റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിനായുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ലാബ് പ്രവർത്തിക്കാനാവശ്യമായ മറ്റ് സൗകര്യങ്ങളും ഉടൻ തന്നെ ക്രമീകരിച്ച് മൂന്ന് മാസത്തിനകം പൂർണസജ്ജമാക്കാനാണ് ശ്രമിക്കുന്നത്. ''
ഡോ. കെ.കെ രാജാറാം ( ഡി.എം.ഒ കോഴിക്കോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |