പൊലീസിന്റെ അന്വേഷണവും
കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി പ്രചരിപ്പിച്ച് പണം പിരിക്കാൻ ലഘുലേഖ അടിച്ചിറക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം. സന്നിധാനത്തും പരിസരത്തും അനധികൃതമായി വിഗ്രഹങ്ങളും ഭണ്ഡാരങ്ങളും വച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. പണപ്പിരിവിനെതിരെ കോടതി നിർദ്ദേശപ്രകാരം വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ മുന്നറിയിപ്പ് ബോർഡുകൾ വച്ചതായും ബോധിപ്പിച്ചു.
തമിഴ്‌നാട് ഈറോഡിലെ ലോട്ടസ് മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.ഇ.കെ. സഹദേവനാണ് പഞ്ചലോഹ വിഗ്രഹത്തിന്റെ പേരിൽ പണപ്പിരിവ് തുടങ്ങിയത്. ഇത് സംബന്ധിച്ച് കത്തിടപാട് നടന്നെങ്കിലും അനുമതി നൽകിയിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോർഡ് നിലപാടെടുത്തത്. ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ബോർഡ് ഇതിന് കൂടുതൽ സമയം തേടി. തുടർന്ന് ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്രി.
ഒളിച്ചുകളിച്ച്
ദേവസ്വം ബോർഡ്
പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നോയെന്നും തന്ത്രിയുടെ അനുവാദമുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചെങ്കിലും ദേവസ്വംബോർഡ് വ്യക്തമായ മറുപടി നൽകിയില്ല. അന്നദാനമണ്ഡപത്തിലടക്കം അയ്യപ്പസ്വാമിയുടെ ചിത്രം വച്ചിട്ടുണ്ടെന്ന് വിശദീകരിക്കാനും ശ്രമിച്ചു. അന്നദാനമണ്ഡപത്തിൽ അങ്ങനെയൊരു ചിത്രമെന്തിനെന്ന് കോടതി ചോദിച്ചു. തുടർന്നാണ് എവിടെയെങ്കിലും അനധികൃതമായി വിഗ്രഹം വച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മിഷണറോട് നിർദ്ദേശിച്ചത്. സ്വകാര്യ വ്യക്തി ഇറക്കിയ നോട്ടീസടക്കം പരിശോധിച്ച് ശബരിമല ചീഫ് പൊലീസ് കോഓർഡിനേറ്ററും റിപ്പോർട്ട് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |