കൊച്ചി: മണ്ണിനെയും കൃഷിയെയും ഗുരുതരമായി ബാധിക്കുന്ന വ്യാജ വളങ്ങളുടെ വിതരണം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി കർശനമാക്കും. സബ്സിഡി വളങ്ങളുടെ കരിഞ്ചന്തയും തടയും.
രാസവളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർക്ക് കേന്ദ്രം കത്ത് നൽകിയിരുന്നു. കൃഷി വർദ്ധിപ്പിക്കാനും കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാനും താങ്ങാവുന്ന നിരക്കിൽ ഗുണനിലവാരമുള്ള വളങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ.
1985ലെ വളം (നിയന്ത്രണ) ഉത്തരവ് പ്രകാരം വ്യാജവളങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ വിചാരണ ഉൾപ്പെടെ നടപടിയുണ്ടാകും.
നിലവാരമില്ലാത്ത കീടനാശിനികളും ഭക്ഷ്യസുരക്ഷയ്‌ക്ക് ഭീഷണിയാണ്. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) നടത്തിയ പഠനത്തിൽ വ്യാജന്മാർ മൂലം പ്രതിവർഷം 10 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യോത്പാദനം നഷ്‌ടമാകുന്നതായി കണ്ടെത്തിയിരുന്നു.
കേന്ദ്ര നിർദ്ദേശങ്ങൾ
കരിഞ്ചന്ത, അമിതവില, സബ്‌സിഡി വളങ്ങളുടെ ദുരുപയോഗം തുടങ്ങിയവ നിരീക്ഷിച്ച് നടപടി സ്വീകരിക്കണം
വളങ്ങളിൽ നാനോവളങ്ങളും ബയോസ്റ്റിമുലന്റ് ഉത്പന്നങ്ങളും കലർത്തുന്നത് തടയണം
ലൈസൻസ് റദ്ദാക്കൽ, കേസ് തുടങ്ങിയ കർശന നിയമനടപടി സ്വീകരിക്കണം
വ്യാജ ഉത്പന്നങ്ങൾ തിരിച്ചറിയാൻ കർഷകരെ ബോധവത്കരിക്കണം
പരാതി നൽകാനും നടപടികൾക്കും സംവിധാനം ഒരുക്കണം
കള്ളത്തരങ്ങൾ
ഫാക്‌ട്, ഇഫ്കോ വളങ്ങളുടെ നിരവധി വ്യാജ ഉത്പന്നങ്ങൾ
പ്രമുഖ ബ്രാൻഡുകളുടെ വ്യാജവളങ്ങൾ വിതരണം ചെയ്യാൻ സംഘങ്ങൾ
മാർബിൾ തരി, കല്ലുപൊടി, മണ്ണ് എന്നിവ ഉപയോഗിച്ച് നിർമ്മാണം
സബ്സിഡിയുള്ള യൂറിയ പശയുണ്ടാക്കാൻ ഫാക്ടറികൾക്ക് മറിച്ചുവിൽക്കുന്നു
കേരളത്തിനുള്ള സബ്സിഡി വളങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് കടത്തുന്നു
പരിമിതികൾ
വ്യാജവളങ്ങൾ പരിശോധിക്കാൻ ലബോറട്ടറി സംവിധാനങ്ങൾ കുറവ്
നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങൾ പരിമിതം
വ്യാജനെ തിരിച്ചറിയാൻ കർഷകർക്ക് സാങ്കേതിക അറിവില്ല
ഉദ്യോഗസ്ഥതല നടപടികളുടെ പരിമിതിയും കാലതാമസവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |