കോഴിക്കോട്: സ്വകാര്യ ബസുകൾ നിരത്തുകൾ ചോരക്കളമാക്കുമ്പോഴും പൊലീസിന്റേയും മോട്ടോർവാഹന വകുപ്പിന്റേയും പരിശോധന പ്രഹസനം മാത്രം. വാതിലുകൾ തുറന്നിടുക, അമിത വേഗം, ഹോണുകൾ മുഴക്കുക ഉൾപ്പെടെ ബസുകൾ നഗ്നമായ നിയമലംഘനം നടത്തുമ്പോഴും പരിശോധന പേരിലെടുങ്ങുകയാണ്. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം പരിശോധനയുമായി നിരത്തിലെത്തുകയും പിന്നീട് പഴയത് പോലെയാകുകയാണെന്നാണ് കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ മത്സരിച്ചോടിയ ബസിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം വ്യക്തമാക്കുന്നത്.
ഉത്തരവുകൾ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും അമിത ദീപാലങ്കാരങ്ങളുമായാണ് സിറ്റി ബസുകളും ദീർഘ ദൂര ബസുകളും സർവീസ് നടത്തുന്നത്. ഇവരിൽ പലരും വേഗപ്പൂട്ട് അഴിച്ചാണ് റോഡിലൂടെ അഭ്യാസം നടത്തുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നലുകൾ അവഗണിക്കുക, സിഗ്‌നലുകളിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളുടെ ഇടത്തുകൂടി മുന്നിലെത്തുക എന്നിവ സ്ഥിരം കാഴ്ചയാണ്. ഡ്രൈവർമാരിൽ പലരും ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് മോട്ടോർ വാഹനവകുപ്പ് പല തവണ നടത്തിയ പരിശോധനകളിൽ വ്യക്തമായെങ്കിലും നടപടികളുണ്ടായില്ല. അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ യാത്രക്കാരെ അസഭ്യം പറയുന്നത് പതിവാണ്.
ഇടവേള 2 മിനിറ്റ് മാത്രം
സർവീസുകൾ തമ്മിലുള്ള സമയവ്യത്യാസം കുറയുന്നതാണ് മത്സര ഓട്ടങ്ങൾക്കും ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിനും പ്രധാന കാരണം. ഇതൊഴിവാക്കാൻ പുതിയ പെർമിറ്റിന്റെ ഇടവേള സിറ്റി ബസുകൾക്ക് അഞ്ച് മിനിറ്റും ദീർഘ ദീര ബസുകൾക്ക് പത്ത് മിനിറ്റും നൽകണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശവും പാലിക്കപ്പെട്ടില്ല. സിറ്റിയിലോടുന്ന പുതിയ ബസുകളടക്കം രണ്ട് മിനിറ്റ് ഇടവേളയിലാണ് സർവീസ് തുടരുന്നത്. മത്സരയോട്ടം തടയാൻ പൊലീസ് ബസുകളെ നിരീക്ഷിക്കണമെന്നും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
പരിശോധന ഇന്ന് മുതൽ
കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് ആരംഭിക്കും. നിരോധിത എയർ ഹോൺ, കളർ കോഡ് ലംഘനം, സ്റ്റിക്കർ പതിപ്പിക്കൽ, വാതിലുകൾ തുറന്നിടൽ, യൂണിഫോം, നെയിംബാഡ്ജ് ഇല്ലാതെ സർവീസ് നടത്തൽ തുടങ്ങിയവ പരിശോധിച്ച് പിഴ നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
'' സമയത്തെ ചൊല്ലിയുള്ള തർക്കവും മത്സരയോട്ടവും ഒഴിവാക്കാൻ സർവീസുകൾ തമ്മിലുള്ള സമയവ്യത്യാസം ദീർഘിപ്പിക്കണം''
കെ.ടി. വാസുദേവൻ, ബസ് ഓപ്പറേറ്റീവ് അസോ. പ്രസിഡന്റ്
വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. ദിവസേനേ പരിശോധന നടത്താത്തത് ആവശ്യത്തിന് ആൾബലമില്ലാത്തത് കൊണ്ടാണ്''
സന്തോഷ് കുമാർ, ആർ.ടി.ഒ കോഴിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |