കണ്ണൂർ: അനർട്ട് വഴി നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് പൂർണ്ണതെളിവുകൾ കഴിഞ്ഞ നാലുദിവസമായി താൻ ഉന്നയിച്ചിട്ടും വൈദ്യുതി മന്ത്രി പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഇതുവരെ മറുപടി നൽകാൻ മന്ത്രി തയ്യാറായിട്ടില്ല. ഇത് മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താൽ തീരുന്ന വിഷയമല്ല. പൊതുജനങ്ങളോടാണ് വിശദീകരിക്കേണ്ടത്.
ഇല്ലെങ്കിൽ മന്ത്രിയുടെ കൈകളിൽ അഴിമതി കറ പുരണ്ടുവെന്ന് ജനം ഉറപ്പിക്കും.
അനർട്ട് സി.ഇ.ഒയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണം അദ്ദേഹത്തെ കൊണ്ടുതന്നെ അന്വേഷിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് കേൾക്കുന്നത്. ഇതെന്താ വെള്ളരിക്ക പട്ടണമാണോ. ആരോപണ വിധേയനായ സി.ഇ.ഒയെ തത്‌സ്ഥാനത്തു നിന്നു മാറ്റി നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.
സി.ഇ.ഒയെ ഇതുവരെ മാറ്റാത്തതിനു കാരണം പങ്കുവച്ച അഴിമതിപ്പണത്തിന്റെ വിവരം പുറത്തു പോകുമോയെന്ന ഭയം കൊണ്ടാണ്. വെറും അഞ്ചു കോടി വരെയുള്ള ടെൻഡറുകൾ വിളിക്കാൻ അധികാരമുള്ള സി.ഇ.ഒ 240 കോടിയുടെ ടെൻഡർ വിളിച്ചത് എങ്ങനെയാണ്. ആരുടെ നിർദ്ദേശപ്രകാരമാണ്. ഇതിനുത്തരം ലഭിച്ചാൽ അഴിമതിയിലെ പങ്കാളികൾ ആരൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവരും.
അനർട്ടിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഇടപാടുകൾ ഒരു സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ ഫോറൻസിക് ഓഡിറ്റിംഗിന് വിധേയമാക്കണം. തന്റെ ആരോപണങ്ങൾ പുറത്തുവന്നതിനു ശേഷം അനർട്ടിൽ വൻതോതിൽ ഫയൽ നശീകരണം നടക്കുന്നുണ്ട്. സി.ഇ.ഒയും കൺസൾട്ടിംഗ് കമ്പനിയുമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിനാണ് ഏറ്റവും വലിയ പങ്ക്.
നവീൻ ബാബു കേസ്: മന്ത്രിക്ക് ഇരട്ടത്താപ്പ്
എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ സ്വർണപ്പാത്രം കൊണ്ട് മറച്ചുവച്ചാലും സത്യം പുറത്ത് വരുമെന്ന് രമേശ് ചെന്നിത്തല. റവന്യു മന്ത്രി കെ. രാജൻ ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുകയാണ്. നവീനിന്റെ മരണത്തിൽ ആദ്യം മുതൽ പി.പി. ദിവ്യയെ സഹായിക്കാനുള്ള ഇടപെടലുണ്ടായിട്ടുണ്ട്. ഭരണത്തിന്റെ സമർദ്ദത്തിലാണ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ദിവ്യക്ക് അനുകൂലമായി മൊഴി നൽകിയത്. കളക്ടർ ഇക്കാര്യങ്ങൾ നേരത്തെ പറഞ്ഞിരുന്നോ എന്ന് കെ. രാജൻ വിശദീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |