SignIn
Kerala Kaumudi Online
Wednesday, 23 July 2025 12.40 PM IST

വർക്കലയിൽ നിയമം ലംഘിച്ച് വാഹന വാടക ഇടപാടുകൾ

Increase Font Size Decrease Font Size Print Page
ddd

വർക്കല: ടൂറിസം കേന്ദ്രമായ വർക്കലയിൽ നിയമവിരുദ്ധ വാഹന വാടക ഇടപാടുകൾ വർദ്ധിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശത്ത് നിന്നോയെത്തുന്ന ടൂറിസ്റ്റുകൾക്ക് വർക്കലയിൽ വാടകയ്‌ക്ക് വാഹനങ്ങൾ യഥേഷ്‌ടം ലഭിക്കും. കമ്മീഷൻ വ്യവസ്ഥയിൽ ദല്ലാളുകാരും ചില റിസോർട്ട് ജീവനക്കാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.

സ്വകാര്യ വ്യക്തികൾക്ക് സ്വന്തമായുള്ള വൈറ്റ് ബോർഡ് വാഹനങ്ങളാണ് മിക്കപ്പോഴും നല്ല വാടക വാങ്ങി ടൂറിസ്റ്റുകൾക്ക് നൽകുന്നത്. മോട്ടോർ വാഹന നിയമപ്രകാരം ഇത് കടുത്ത നിയമലംഘനമാണ്.

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ വർക്കലയിൽ വർദ്ധിച്ചിട്ടും മതിയായ പരിശോധനയോ നടപടിയോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും,സഞ്ചാരികളുടെ സുരക്ഷയ്ക്കാവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

രേഖകളില്ലാതെ

വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾ പലപ്പോഴും സാങ്കേതിക പരിശോധനകളില്ലാതെയും ഇൻഷ്വറൻസ് കവറേജ് ഇല്ലാതെയുമാണ് നൽകുന്നത്. നിയമപരമായ രേഖകളില്ലാത്തതുകൊണ്ട് അപകടമുണ്ടായാൽ ഉത്തരവാദിത്വം യാത്രികർക്കും ഉടമകൾക്കും നേരിടേണ്ടിവരും.മാസങ്ങൾക്ക് മുൻപ് നിരത്തുകളിൽ പൊലീസ് പരിശോധനകൾ സജീവമായിരുന്നു.എന്നാൽ പിന്നീട് നിലച്ചെന്നും പരാതിയുണ്ട്.ഡ്രൈവിംഗ് ലൈസൻസില്ലാത്തവർക്കു പോലും പണം നൽകിയാൽ വർക്കലയിൽ വാഹനം വാടകയ്ക്ക് ലഭിക്കും

ഓൺലൈൻ തട്ടിപ്പ്

അംഗീകൃത റെന്റൽ സ്ഥാപനങ്ങൾ എന്ന വ്യാജേന ഓൺലൈൻ വഴി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന തട്ടിപ്പ് സംഘങ്ങളുമുണ്ട്.സഞ്ചാരികളിൽ പലരും സൈറ്റുകളിലോ ഫേസ്ബുക്ക് പോലുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെയോ പണമടച്ച് ബുക്ക് ചെയ്യും.എന്നാൽ നേരിട്ടെത്തി വാഹനം വാടകയ്ക്ക് എടുക്കുമ്പോൾ മതിയായ രേഖകളില്ലാത്ത സ്വകാര്യ വാഹനങ്ങളാവും ഇവർക്ക് നൽകുക.ഇത് ഉപഭോക്താവ് ചോദ്യം ചെയ്താൽപ്പിന്നെ തർക്കവും കൈയാങ്കളിയും ഗുണ്ടായിസവുമാണ്.

നിയമലംഘനങ്ങൾ പതിവാകുന്നു

തമിഴ്നാട്, കർണാടക സ്വദേശികളാണ് വർക്കലയിലെത്തുന്ന സഞ്ചാരികളിൽ കൂടുതലും.റോഡ് സുരക്ഷാനിയമങ്ങൾ പാലിക്കാതെ തെരുവുകളിൽ അഴിഞ്ഞാടുന്ന യുവാക്കളെയും വർക്കലയിൽ കാണാൻ കഴിയും. ഗ്യാങായി എത്തുന്ന ഇവർ വാടകയ്‌ക്കെടുത്ത വാഹനവുമായി റോഡിലേക്ക് ഇറങ്ങിയാൽ നാട്ടിലെ നിയമങ്ങൾ ബാധകമല്ല എന്ന നിലയിലാണ് ഓരോ പ്രവൃത്തിയും. പലപ്പോഴും മദ്യപിച്ചാണ് ഇക്കൂട്ടർ വാഹനമോടിക്കുന്നത്. അപകടമുണ്ടായാൽ പണം നൽകി കേസിൽ നിന്ന് ഒഴിവാകും.

ഇൻഷ്വറൻസ് ലഭിക്കില്ല

സ്വകാര്യവാഹനമാണ് വാടകയ്ക്കെടുക്കുന്നതെങ്കിൽ അപകടത്തിൽപ്പെട്ടാൽ ഇരയാകുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. അപകടത്തിൽപ്പെടുന്നത് കാൽനടയാത്രികനാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചികിത്സാച്ചെലവുകൾ ഉൾപ്പെടെ സ്വയം വഹിക്കണം.ജീവന് വെല്ലുവിളിയുയർത്തിയാണ് അനധികൃത റെന്റൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

പെർമിറ്റില്ലാത്ത വാഹനം വാടകയ്ക്ക് എടുത്ത തമിഴ്‌നാട് തിരുവള്ളൂർ സ്വദേശി കഴക്കൂട്ടത്തുവച്ച് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത് സമീപദിവസമാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.