പത്തനംതിട്ട: ശബരിമലയിലേക്ക് മലചവിട്ടി കയറിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന പേര് വിഎസ് അച്യുതാനന്ദന് സ്വന്തമാണ്. ശബരീപീഠത്തില്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രിയെ വെടിവഴിപാടോടെയാണ് സ്വീകരിച്ചത്. 'കേരള മുഖ്യമന്ത്രി വി. എസ് അച്യാതാനന്ദന്‍ സ്വാമിയുടെ ആയുരാരാേഗ്യത്തിന് വേണ്ടി വെടിവഴിപാട് ' എന്ന് മൈക്കില്‍ പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.
സന്നിധാനത്ത് 20 കിടക്കകളുള്ള ആശുപത്രിയുടെ ഉദ്ഘാടനത്തിനും തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുമായിരുന്നു വിഎസിന്റെ സന്ദര്‍ശനം. എണ്‍പത്തിനാലാം വയസില്‍ 2007 ഡിസംബര്‍ മുപ്പതിന് വൈകിട്ട് തീര്‍ത്ഥാടകര്‍ക്കൊപ്പം മല ചവിട്ടുകയായിരുന്നു.
വൈകിട്ട് 5.45ന് പുറപ്പെട്ട് എട്ടുമണി കഴിഞ്ഞപ്പോള്‍ സന്നിധാനത്ത് എത്തി.അപ്പാച്ചിമേട് കയറുന്നതിന് മുമ്പ് കുറച്ചുനേരം നിന്നു. ഇരുന്ന് വിശ്രമിക്കാം എന്ന് പറഞ്ഞപ്പോള്‍ ' നിങ്ങളെന്നെ ഇരുത്താന്‍ നോക്കേണ്ട' എന്ന് മറുപടി. ആരോഗ്യ മന്ത്രി പി. കെ. ശ്രീമതി, എം. എല്‍.എമാരായിരുന്ന കെ. സി. രാജഗോപാലന്‍, രാജു ഏബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ അന്ന് വിഎസിന് ഒപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം നടന്നുതന്നെ വിഎസ് മലയിറങ്ങുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരം പട്ടത്തെ എസ്.യു.ടി ആശുപത്രിയിലാണ് വിഎസ് അന്തരിച്ചത്. ജൂണ്‍ മാസം 23 മുതല്‍ ഇവിടെ ചികിത്സയില്‍ തുടരുകയാണ്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |