കോഴിക്കോട്: വി.എസ് എന്ന രണ്ടക്ഷരം കോഴിക്കോട്ടെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് എന്നും തിളങ്ങിനിൽക്കുന്ന പേരാവും. പതിവ് രാഷ്ട്രീയക്കാരനപ്പുറം ജനങ്ങളുടെ ജീവിതമറിഞ്ഞ് പ്രവർത്തിച്ച നേതാവെന്ന ആദരവായിരുന്നു കോഴിക്കോട്ടുകാർക്ക് എന്നും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പാർട്ടി സെക്രട്ടറിയുമൊക്കെയായി കോഴിക്കോട്ടെത്തുമ്പോൾ ഗസ്റ്റ് ഹൗസ് അല്ലെങ്കിൽ പാർട്ടി ഓഫീസ് അതായിരുന്നു വി.എസിന്റെ ആസ്ഥാനം. തന്നെ തേടിവരുന്നവർക്കെല്ലാം ചെവികൊടുത്ത് അവരുടെ പ്രശ്നങ്ങളിലൂടെ സഞ്ചരിച്ച് നടന്ന നേതാവിനെയാണ് കോഴിക്കോടിനും നഷ്ടമായത്. പാർട്ടിയുടെ വിലക്കുകളേറെ ഉണ്ടായിട്ടും നെയ്യാറ്റിൻകരപോലെ ഒരു നിർണായക തിരഞ്ഞെടുപ്പ് ദിവസം തന്നെ വി.എസ്. ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തിയതിന്റെ നടുക്കം ഇപ്പോഴും പാർട്ടി നേതാക്കൾക്ക് മാറിയിട്ടില്ല. നേതൃത്വം ടി.പിയെ കുലംകുത്തിയെന്ന് പലവുരു വിളിച്ചിട്ടും ധീര രക്തസാക്ഷിയെന്ന് വി.എസ് ഉച്ചത്തിൽ പ്രഖ്യാപിച്ചത് വലിയ കോലാഹലമാണ് രാഷ്ട്രീയ കേരളത്തിലുണ്ടാക്കിയത്. കെ.കെ.രമയെയും അമ്മയെയും ചന്ദ്രശേഖരന്റെ മകനെയും ആശ്വസിപ്പിക്കുന്ന വി.എസിന്റെ ചിത്രം കേരളം ഒരിക്കലും മറക്കില്ല.
പാർട്ടിയേതെന്ന് നോക്കിയിട്ടല്ല വി.എസ് ഒരിടിത്തും ഇടപെട്ടത്. ഒരു പ്രശ്നമുണ്ടാകുമ്പോൾ അവിടെ അവരിലൊരാളായി എത്താറുണ്ട് എന്നതാണ് ജനമനസിലെ വി.എസിന്റെ ചിത്രം. അതിന് നാടിന്റേയോ ജില്ലയുടേയോ അതിരുണ്ടായിരുന്നില്ല. കോഴിക്കോട്ടെ സൈബർ പാർക്കും കെ.എസ്.ആർ.ടി.സി ടെർമിനലുമെല്ലാം വി.എസ് എന്ന വികസന നായകന് പൊൻതൂവലാണ്.
2019 ഏപ്രിൽ14ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ എ.പ്രിദീപ്കുമാറിനായി വി.എസ് കോഴിക്കോട്ടെത്തിയപ്പോൾ ജനം ഇളകിമറിഞ്ഞ കാഴ്ച മറക്കാനാവില്ല. കണ്ണേ കരളേ വിഎസേ........കോഴിക്കോട് ഇന്നും ഏറ്റുവിളിക്കുന്നുണ്ട്. മാത്തോട്ടത്തായിരുന്നു ആ കൺവെൻഷൻ.
മുത്തങ്ങയിൽ വി.എസ് ജ്വലിച്ചു, വിപ്ലവ സൂര്യനായി
എൻ.എ. സതീഷ്
സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂ സമരത്തിന്റെ പേരിൽ നടന്ന പൊലീസ് വെടിവയ്പ്പും തുടർന്ന് ആദിവാസികൾക്ക് നേരെയുണ്ടായ കൊടിയ പീഡനങ്ങൾക്കും അറുതി വരുത്തിയത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ ധീരമായ നിലപാടാണ്.
വെടിവയ്പ്പിൽ ഒരു ആദിവാസിയും ആദിവാസികളുടെ ചെറുത്തുനിൽപ്പിൽ ഒരു പൊലീസുകാരനും മരിക്കാനിടയായതോടെ ആദിവാസികളെ ഒരു പൊതു ശത്രുവിനെ കാണുന്നത് പോലെയായിരുന്നു ആളുകളുടെ പെരുമാറ്റം. ആദിവാസികൾ പ്രാണരക്ഷാർത്ഥം അഭയകേന്ദ്രങ്ങൾ തേടി ഭയന്ന് കഴിയുന്നതിനിടെയാണ് വി.എസിന്റെ കടന്ന് വരവ്. മുത്തങ്ങ ഭൂസമരത്തിന്റെ പേരിൽ ഒരു ആദിവാസിയേയും മർദ്ദിക്കാൻ പാടില്ലെന്നും അവർക്ക് വേണ്ട സംരക്ഷണം പാർട്ടി നൽകുമെന്നും പറഞ്ഞതോടെയാണ് പാർട്ടി പ്രവർത്തകർ പോലും ആദിവാസികളെ അക്രമിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞത്.
ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ കെ. ഗീതാനന്ദന്റെയും സി.കെ.ജാനുവിന്റെയും നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി താമസമാരംഭിച്ച ആദിവാസികൾക്ക് നേരെ 2003 ഫെബ്രുവരി 19 നാണ് പൊലീസ് വെടിവയ്പ്പ് നടന്നത്. വനഭൂമി കൈയേറി താമസമാരംഭിച്ച പ്രവർത്തകരെ കുടിയിറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനിടെ വിനോദ് എന്ന പൊലീസുകാരനെ ഗോത്ര മഹാസഭ പ്രവർത്തകർ ബന്ദിയാക്കി പിടികൂടുകയുണ്ടായി.
കണ്ണൂർ റേഞ്ച് ഐ.ജി. സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നെത്തിയ പൊലീസ് സംഘം പ്രത്യേക ഓപ്പറേഷനിലൂടെ വിനോദിനെ മോചിപ്പിച്ചങ്കിലും രക്തം വാർന്ന് കിടന്ന വിനോദ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. പതിനെട്ട് റൗണ്ട് പൊലീസ് വെടിവെയ്പ്പ് നടത്തി. ആദിവാസി ഗോത്രമഹാസഭ പ്രവർത്തകനായ ജോഗി പൊലീസ് വെടിവയ്പ്പിൽ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ് ആദിവാസികൾക്ക് നേരെ പൊലീസ് വെടിവയ്പ്പുണ്ടായത്. വെടിവെയ്പ്പിന് ശേഷം പൊതുവെ ആദിവാസികൾക്കെതിരായ ഒരു അന്തരീക്ഷമാണ് വയനാട്ടിൽ പ്രത്യേകിച്ച് സുൽത്താൻ ബത്തേരിയിൽ അരങ്ങേറിയത്. ആദിവാസികളെന്ന് തോന്നുന്നവരെ ഓടിച്ചിട്ട് തല്ലുന്ന അന്തരീക്ഷമായിരുന്നു അന്ന് സംജാതമായിരുന്നത്. സി.കെ. ജാനുവിനെയും ഗീതാനന്ദനെയുംമെല്ലാം പൊലീസ് അറസ്റ്റ് ചെയ്ത് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴും ആദിവാസികളെന്ന് തോന്നുന്നവരെ ഒരു വിഭാഗം ആളുകൾ മർദ്ദനം തുടർന്നുവന്നു. അതുവരെ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും ആദിവാസികളെ കുറ്റപ്പെടുത്തി വന്നവർ വി.എസിന്റെ ഒറ്റ പ്രസ്താവനയോടെ മാറി ചിന്തിച്ചു. പ്രത്യേകിച്ച് സി.പി.എം. ഇതോടെയാണ് ആദിവാസികൾ സ്വന്തം കുടിലിൽ ഭയമില്ലാതെ കിടന്നുറങ്ങിയത്.
ചരിത്രപുരുഷൻ: മനയത്ത് ചന്ദ്രൻ
കോഴിക്കോട്: പ്രകൃതിക്കും അധഃസ്ഥിതർക്കും വേണ്ടി ചിന്തിക്കുന്ന ഒരു കേരളത്തെ വാർത്തെടുക്കുന്നതിന് മുഖ്യപങ്കുവഹിച്ച നിർഭയനായ പോരാളിയായിരുന്നു വി.എസ് അച്യുതാനന്ദനെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത്ചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമ്പത്തും അധികാരവും കൈയടക്കി വെച്ച വരേണ്യ വർഗത്തിനും അധികാര കേന്ദ്രങ്ങൾക്കുമെതിരെ അനുരഞ്ജനങ്ങളില്ലാത്ത പോരാട്ടമായിരുന്നു ആ ജീവിതം. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഓരോ കാര്യത്തിലുമെടുത്ത നിലപാടുകൾ , നിയമനിർമ്മാണങ്ങൾ എന്നിവ ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കാലത്തിന് മായ്ച്ചുകളയാൻ കഴിയാതെ അടയാളപ്പെടുത്തിയ അതുല്യനായ വിപ്ലവകാരിയായിരുന്നു വി.എസ് അച്യുതാനന്ദൻ. മനുഷ്യസ്നേഹിയായ ആചരിത്രപുരുഷന് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു.
പകരം വയ്ക്കാനില്ലാത്ത നേതാവ്: മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ച നേതാവായിരുന്നു വി.എസ്.അച്യുതാനന്ദനെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ വളർന്ന്, തൊഴിലാളി കർഷക സമരങ്ങളുടെ മുഖ്യസംഘാടകനായി. സി.പി.എം. സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം നിരവധി തവണ എം.എൽ.എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പലവിധ ചുമതലകൾ വഹിച്ച് ആധുനിക കേരളത്തിന്റെ വളർച്ചയോടൊപ്പം മലയാളി മനസിൽ ഇടം നേടി. പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് വി.എസ്. പുന്നപ്ര-വയലാറിന്റെ കനലാണ് വി.എസ്.അച്യുതാനന്ദൻ. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് കേരള ജനതയ്ക്ക് ജനനായകനായി മാറിയതെന്നും പറഞ്ഞു.
ആശ്വാസത്തിന്റെ കരസ്പർശം: കെ.കെ രമ
കോഴിക്കോട്: പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്നു പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദനെന്ന് കെ.കെ. രമ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ച അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. സഖാവിന് അന്ത്യാഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു കുറിപ്പ്. രമയെ വി.എസ് ആശ്വസിപ്പിക്കുന്ന ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവച്ചു.
സി.പി.ഐ ജില്ലാ സമ്മേളന
പരിപാടികളിൽ മാറ്റം
കോഴിക്കോട്: മുൻ മുഖ്യമന്ത്രി വി. എസ്.അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സി. പി. ഐ കോഴിക്കോട് ജില്ലാ സമ്മേളന പരിപാടികളിൽ മാറ്റം വരുത്തിയതായി ജില്ല സെക്രട്ടറി കെ.കെ.ബാലൻ അറിയിച്ചു. നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയിൽ ജൂലായ് 23ന് നടത്താനിരുന്ന പതാക, കൊടിമര, ബാനർ ജാഥകളുടെ സംഗമ പരിപാടി ഉപേക്ഷിച്ചു. അനുബന്ധമായി നടത്താനിരുന്ന വോളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും ശനിയാഴ്ചയിലേയ്ക്ക് മാറ്റി. പ്രതിനിധി സമ്മേളനം മുൻ നിശ്ചയ പ്രകാരം ജൂലായ് 24,25 തിയതികളിൽ നടക്കുമെന്നും ജില്ല സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |