തിരുവനന്തപുരം: സി.പി.എമ്മിൽ വിഭാഗീയത ശക്തമായപ്പോഴൊക്കെ, ഒരു പക്ഷത്ത് വി.എസ് നിലയുറപ്പിച്ചിരുന്നു. പലപ്പോഴും വി.എസിനെ ചുറ്റിപ്പറ്റിയായിരുന്നു വിഭാഗീയത. എം.വി.രാഘവൻ പാർട്ടിക്കു പുറത്തേക്ക് പോയപ്പോൾ ഇ.എം.എസ് ആണ് മുന്നിൽ നിന്ന് നയിച്ചതെങ്കിലും അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ് പാർട്ടിയെ പിടിച്ചുനിറുത്തിയത്.
രാഘവന്റെ പുറത്താകൽ പാർട്ടിയിൽ വലിയ ആശങ്ക വളർത്തിയിരുന്നു. പ്രമുഖരായ പലരും രാഘവനൊപ്പം പോകുമോയെന്നും
സംശയം ഉയർന്നിരുന്നു. പക്ഷെ വലിയ പരിക്കുകളില്ലാതെ പാർട്ടിയെ സംരക്ഷിക്കുന്നതിൽ ഔദ്യോഗിക വിഭാഗം വിജയിച്ചു. രാഘവന്റെ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ പാർട്ടി അചഞ്ചലമായി നിലനിറുത്തിയതിൽ പിണറായി വിജയനും വലിയ പങ്കുവഹിച്ചു.
പാർട്ടി സെക്രട്ടറി ആകുന്നതുവരെ പിണറായി വി.എസിനൊപ്പം ആയിരുന്നു. പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ സി.ഐ.ടി.യു പക്ഷത്തെ വി.എസ് വെട്ടിനിരത്തിയപ്പോൾ ഇടത്തും വലത്തും പിണറായിയും എം.എ.ബേബിയും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയാകുമെന്നു പ്രതീക്ഷിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് വി.എസ് പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീലാ ഗോപാലനെയും പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കെ.എൻ.രവീന്ദ്രനാഥിനെയുമാണ് ഇ.എം.എസ് നിർദ്ദേശിച്ചത്. എന്നാൽ അന്ന് നിയമസഭയിലേക്ക് മത്സരിക്കാതിരുന്ന ഇ.കെ.നായനാരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും ചടയൻ ഗോവിന്ദനെ സെക്രട്ടറിയായും വി.എസ് നിർദ്ദേശിച്ചു. പാർട്ടിയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ഇ.എം.എസിന്റെ നിർദ്ദേശം പിന്തള്ളപ്പെടുകയും വി.എസ് മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു.
ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്നാണ് അന്ന് നായനാർ സർക്കാരിൽ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായത്. അന്ന് വി.എസിനു പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാൻ താത്പര്യമുണ്ടായിരുന്നു. എന്നാൽ ജനറൽ സെക്രട്ടറിയായ ഹർകിഷൻ സിംഗ് പിണറായിയുടെ പേരാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമെന്ന നിലയിൽ മുന്നോട്ടുവച്ചത്. ആ നിർദ്ദേശത്തെ വി.എസ് എതിർത്തില്ല.
പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വന്നതോടെ വി.എസിനും പിണറായിക്കുമിടയിലുള്ള അടുപ്പം കുറഞ്ഞുകുറഞ്ഞുവന്നു. കാലക്രമേണ പാർട്ടിയിൽ അതിശക്തമായ വിഭാഗീയതയ്ക്ക് വഴിതെളിച്ച രണ്ട് പ്രബല ഗ്രൂപ്പുകളായി അത് മാറി. എന്ത് കൊള്ളരുതായ്മ കാണിച്ചാലും ഗ്രൂപ്പിന്റെ പിൻബലം സംരക്ഷിച്ചുകൊള്ളുമെന്നതിനാൽ പാർട്ടിക്കകത്ത് അത്ര ഇമേജില്ലാത്തവരിൽ പലരും ഈ അവസരം മുതലെടുത്ത് സ്ഥാനമാനങ്ങൾ സ്വന്തമാക്കി. മലപ്പുറം സംസ്ഥാന സമ്മേളനം വരെ
വിഭാഗീയത ശക്തമായി തുടർന്നു. മലപ്പുറത്ത് വി.എസ് പക്ഷത്തു നിന്ന് 12 പേർ മത്സരിച്ചു പരാജയപ്പെട്ടു. അതോടെ പിണറായി പാർട്ടിയിൽ അജയ്യനായി മാറി. പിന്നീട് 2006ലെ തിരഞ്ഞെടുപ്പിൽ വി.എസിന് സീറ്റ് നിഷേധിച്ച സംഭവം ഉണ്ടായെങ്കിലും വൻപ്രതിഷേധത്തെ തുടർന്ന് സീറ്റ് നൽകുകയും പാർട്ടിക്കു ഭൂരിപക്ഷം ലഭിച്ച് മുഖ്യമന്ത്രിയുമായി.
തുടർന്ന് ഭരണത്തിൽ പാർട്ടി പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പി.ആർ.ഡിയിലെ പ്രസ് കോൺഫറൻസ് ഹാളിൽ വിശദീകരിച്ചു മടങ്ങുമ്പോൾ വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് വി.എസ് മറുപടി പറയുകയും വൻ വിവാദങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തു. വി.എസ് നിന്ന് മറുപടി പറയുന്ന സ്ഥലത്തിനു വിവാദമൂലയെന്നു വരെ പേരു വീണു. പ്രസ്ഥാവനായുദ്ധം മുറുകിയതോടെ വി.എസിനെയും പിണറായിയെയും സസ്പെൻഡ് ചെയ്യുകയുണ്ടായി. ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് സമ്മേളനം തീരും മുമ്പെ വി.എസ് ഇറങ്ങിപ്പോയതും വൻചർച്ചയായിരുന്നു. 2011 ലെ മത്സരത്തിൽ നേരിയ ഭൂരിപക്ഷത്തിനാണ് തുടർഭരണം നഷ്ടമായത്. കാലക്രമേണ വി.എസ് പക്ഷം ദുർബലമായി. പക്ഷെ, വി.എസ് പാർട്ടിയിൽ നിന്ന് പുറത്തുപോകാതിരിക്കാൻ പിണറായി വിജയൻ എന്നും ശ്രദ്ധിച്ചു.
കർക്കശക്കാരൻ, സ്റ്റാലിനിസ്റ്റ് എന്നിങ്ങനെ വിശേഷണങ്ങൾ വി.സിനുണ്ടായിരുന്നു. ആ പ്രതിച്ഛായയിൽ നിന്ന് പോരാളിയായ ജനകീയ നേതാവ് എന്ന നിലയിലേക്ക് വി.എസ് മാറിയതിൽ പാർട്ടിയിലെ ചില നേതാക്കൾക്കും ചില പത്രപ്രവർത്തകർക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |