'പഠനം കഴിയുമ്പോൾ ജോലിക്കൊന്നും പോകണ്ട, പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കണം". വി.എസിന്റെ ഉറച്ച വാക്കുകൾ ഇന്നും മനസിൽ മുഴങ്ങുന്നു. ആദ്യമായി വി.എസിനെ നേരിൽ കണ്ടപ്പോഴുള്ള അനുഭവം ഒളിമങ്ങാത്ത ഓർമ്മയാണ്. 1970 ഡിസംബർ 27. കൊല്ലം എസ്.എൻ കോളേജിൽ പഠിക്കുന്ന സമയം. എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് തിരുവനന്തപുരത്തെത്തിയത്. കേരള വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയായിരുന്നു. തമ്പാനൂരിലെ സി.പി സത്രം ഗസ്‌റ്റ് ഹൗസിലെത്തുമ്പോൾ വി.എസ്, ഗൗരിഅമ്മ ഉൾപ്പെടെയുള്ള നേതാക്കൾ. വി.എസിനെ കണ്ടപ്പോൾ തൊഴുതു. എസ്.എൻ കോളേജിൽ നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ച് അറിയുന്നുണ്ടെന്ന് വി.എസ്. ജോലിക്കൊന്നും പോകണ്ട, പ്രസ്ഥാനത്തിൽ ഉറച്ചുനിൽക്കണമെന്ന നിർദ്ദേശം തൊട്ടു പിന്നാലെയെത്തി.
വി.എസിന്റെ വാത്സല്യവും സ്നേഹവും ചെറുപ്പം മുതലേ ലഭിച്ചു. ഒരുദിവസം സി.എച്ച്.കണാരനെ വിട്ട് എന്നെ വിളിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കണമെന്നായിരുന്നു നിർദ്ദേശം. എം.എൽ.എ ക്വാർട്ടേഴ്സിലെ വി.എസിന്റെ മുറിയിൽ വളരെനാൾ താമസിച്ചു. 1975ൽ എസ്.എഫ്.ഐ ഭാരവാഹിത്വം ഒഴിഞ്ഞതോടെ പാളയം മാർക്കറ്റിലെ പാർട്ടി ഓഫീസിലേക്ക് വി.എസ് വിളിപ്പിച്ചു. ആലപ്പുഴയിൽ പാർട്ടി പ്രവർത്തനം നടത്താൻ നിർദ്ദേശിച്ചു. ഓഫീസിലുണ്ടായിരുന്ന സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രാനന്ദന് ഒരു കത്തും നൽകി. എന്റെ ഘടകം ജില്ലാ കമ്മിറ്റിയാണെന്നും കേരള യുവജന ഫെഡറേഷൻ ജില്ലാ പ്രസിഡന്റായും നിയോഗിക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വി.എസ് ആലപ്പുഴയിലെത്തുമ്പോൾ വീട്ടിലേക്ക് വിളിപ്പിക്കും. പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുമായിരിക്കും മടക്കം. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി, തിരഞ്ഞെടുപ്പുകളിലേക്കുള്ള പ്രവേശനം എന്നിവയെല്ലാം വി.എസിന്റെ സമ്മാനമായിരുന്നു. എന്റെ വിവാഹത്തിൽ താലി മാല എടുത്തുതന്നത് വി.എസായിരുന്നു.
ജന്മിമാരുടെ പേടിസ്വപ്നം
പാർലമെന്ററി- സംഘടനാ രംഗങ്ങളിൽ ഒരുപോലെ തിളങ്ങിയ വ്യക്തിയാണ് വി.എസ്. കുട്ടനാടൻ കാർഷികസമരങ്ങൾ വി.എസിനെ മികച്ച സംഘാടകനാക്കി. കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു. കമ്മ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രത്തിൽ ഉറച്ചുനിന്ന് കർഷക തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ചു. ചെറുകാലി കായൽ ബണ്ടിലായിരുന്നു ആദ്യയോഗം. ഇടതുപക്ഷ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് വി.എസ്. മിച്ചഭൂമി പിടിച്ചെടുക്കൽ, കുടികിടപ്പ് സമരങ്ങൾ എന്നിവയുടെയെല്ലാം നായകനായിരുന്നു. പോരാട്ടത്തിലെ ധീരതയും പ്രസംഗങ്ങളിലെ സിംഹഗർജനവും വി.എസിനെ വ്യത്യസ്‌തനാക്കി. പാവപ്പെട്ടവർക്കായി ഒരു പോരാട്ട മുഖം തുറന്നു. കുട്ടനാട്ടിലെ ജന്മിമാർക്ക് തീ പോലെ വി.എസിനെ പേടിയായിരുന്നു. തുടക്കത്തിൽ തമ്പുരാക്കൻമാരെ പേടിച്ച് കർഷകർ സംഘടിച്ചില്ല. എന്നാൽ, ആറുമാസം കൊണ്ട് വി.എസ് കർഷകരെ ഒരുമിപ്പിച്ച് പോരാടി. കൂലിയും വേലയും നിജപ്പെടുത്താനുള്ള പോരാട്ടങ്ങൾ ആർക്കും മറക്കാനാവില്ല.
'കരിങ്കൊടി കെട്ടുന്നവന്റെ കൈ വെട്ടും"
പോരാടി വന്ന നേതാവാണ് വി.എസ്. പാർട്ടി കാര്യങ്ങളിൽ കർശന നിലപാടാണ് സെക്രട്ടറിയായിരുന്നപ്പോൾ സ്വീകരിച്ചത്. മുന്നിൽ നിന്ന് നയിച്ച് ആയിരത്തിലധികം കേഡർമാരെ കൊണ്ടുവന്നു. മാരാരിക്കുളത്ത് പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ അന്ന് മുഖ്യമന്ത്രിയാകുമായിരുന്നു. പിന്നീട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആയപ്പോൾ മികച്ച പ്രവർത്തനം കാഴ്ചവച്ചു. വയലാർ സമരം വഞ്ചനാസമരമായി കോൺഗ്രസുകാർ ആചരിക്കുന്ന പതിവുണ്ടായിരുന്നു. ഒരുതവണ അവർ വയലാറിൽ കരിങ്കൊടി കെട്ടാനായി തീരുമാനിച്ചു. അത് മുന്നിൽ കണ്ട് നേരത്തെ വി.എസ് സ്ഥലത്തെത്തി ആളുകളെ സംഘടിപ്പിച്ചു. കരിങ്കൊടി കെട്ടാൻ വരുന്നവന്റെ കൈ വെട്ടിക്കളയാൻ മൈക്കിലൂടെ ആഹ്വാനം ചെയ്‌തു. അന്ന് ഓടിയവർ പിന്നീട് ആ വഴിക്ക് വന്നിട്ടില്ലെന്നതാണ് ചരിത്രം.
ആരാധനാപാത്രം
എം.വി.രാഘവന്റെ ബദൽരേഖയ്‌ക്കെതിരെ വി.എസിന്റെ നേതൃത്വത്തിലായിരുന്നു പോരാട്ടം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അഗ്രഗണ്യനും അസാമാന്യ കഴിവും വി.എസിനുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിമാരുടെ വകുപ്പുകളിൽ ഇടപെട്ടിരുന്നില്ല. എല്ലാവർക്കും പ്രവർത്തനസ്വാതന്ത്ര്യം നൽകി. ജനമനസുകളിൽ നിന്ന് വി.എസ് എന്ന മുഖ്യമന്ത്രി ഒരിക്കലും താഴ്ന്നുപോകില്ല. കർഷക, കയർ ഫാക്‌ടറി തൊഴിലാളിയായി പ്രവർത്തിച്ച് മുഖ്യമന്ത്രിയായ ഏക മനുഷ്യൻ. സാമാന്യ വിദ്യാഭ്യാസം കൊണ്ട് മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വരെയുമെത്തി. പ്രഭാഷണങ്ങളിൽ വി.എസ് മികച്ച മലയാള ഭാഷയാണ് ഉപയോഗിച്ചിരുന്നത്. മലയാള ഭാഷയിൽ പ്രചാരം നേടിയ സംസ്‌കൃത പദങ്ങൾ ധാരാളം പ്രസംഗങ്ങളിലുണ്ടാകും. വാക്കുകൾ ചവയ്‌ക്കുകയോ വിഴുങ്ങുകയോ ചെയ്യില്ല. അക്ഷരങ്ങൾ സ‌്‌ഫുടതയോടെ പറയും. കമ്മ്യൂണിസ്‌റ്റ് രാഷ്‌ട്രീയത്തിലെ അതികായർ വിരാചിച്ച ആലപ്പുഴയിൽ നിന്നാണ് വി.എസ് സംഘടനാ പ്രവർത്തനങ്ങളിലേക്ക് ഉയർന്ന് വന്നതെന്ന് ഓർക്കണം. സ്വന്തം പരിശ്രമം, വിട്ടുവീഴ്ചയില്ലാത്ത വർഗബോധം, കമ്മ്യൂണിസ്റ്റ് വിശ്വാസം എന്നിവ കൊണ്ട് കേരളത്തിലെ സമരാദ്ധ്യനായി. പ്രതിപക്ഷ നേതാവായപ്പോൾ സമസ്‌ത കേരളീയരുടെയും ആരാധനാപാത്രമായി.
വി.എസിന് പകരം വി.എസ്
പുന്നപ്ര- വയലാർ സമരത്തിൽ സമരഭടൻമാരെ സംഘടിപ്പിക്കാൻ വി.എസായിരുന്നു മുൻപന്തിയിൽ നിന്നത്. പരിശീലന കേന്ദ്രങ്ങൾ തയ്യാറാക്കാനും ക്ളാസുകളെടുക്കാനും നേതൃത്വം നൽകി. കുതിരപ്പന്തി, തുമ്പോളി എന്നിവിടങ്ങളിൽ ആയുധനിർമ്മാണത്തിലും സജീവമായി. കമ്മ്യൂണിസ്‌റ്റ് രാഷ്‌ട്രീയത്തിലും പൊതുസമൂഹത്തിലും വി.എസിന് പകരം വി.എസ്. അല്ലാതെ മറ്റൊരാളില്ല. ഭാര്യ വസുമതി സിസ്‌റ്റർ, മകളായ അരുൺകുമാർ, ആശ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെല്ലാം വി.എസിന്റെ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധേയരായിരുന്നു. കമ്മ്യൂണിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാതെ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന എനിക്ക് വഴികാട്ടിയും രാഷ്‌ട്രീയ ഗുരുവും ഉപദേശകനുമായിരുന്നു. വി.എസിന്റെ പരിളാലന എന്നും ലഭിച്ചു. വാക്കുകളിൽ അതിന്റെ മൂല്യം വിവരിക്കാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |