ആലപ്പുഴ: ജീവിതത്തിൽ ഒപ്പം ചേർന്നതുമുതൽ അവസാന നാളുകൾ വരെ വി.എസിന്റെ ആരോഗ്യസംരക്ഷണത്തിന്റെ കാവലാളായിരുന്നു ഭാര്യ വസുമതി. പാർട്ടി വഴിയാണ് വിവാഹാലോചന എത്തിയത്. ചേർത്തല കോടംതുരുത്തിലാണ് വസുമതിയുടെ വീട്. ഒരിക്കൽ കോടംതുരുത്തിലെ പാർട്ടിയോഗത്തിൽ വി.എസിന്റെ പ്രസംഗം കേട്ട് നിൽക്കുകയായിരുന്ന വസുമതിയോട് പ്രാദേശിക നേതാവായ ടി.കെ.രാമൻ വന്ന് സഖാവിന്റെ പ്രസംഗം എങ്ങനെയുണ്ടെന്ന് തിരക്കി. മഹിളാപ്രവർത്തകയായ വസുമതി ഏറെ ആരാധനയോടെയാണ് ആ പ്രസംഗം കേട്ടിരുന്നത്.
പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലിലെ നഴ്സിംഗ് പഠനം പൂർത്തിയാക്കി ജോലി ആരംഭിച്ച സമയത്താണ് ഉടൻ എത്തണമെന്നറിയിച്ച് വീട്ടിൽ നിന്നൊരു കമ്പിസന്ദേശം വസുമതിക്ക് ലഭിച്ചത്. വീട്ടിലെത്തിയപ്പോൾ, വിവാഹം നിശ്ചയിച്ചെന്നും വരൻ പാർട്ടി ജില്ലാ സെക്രട്ടറിയും അമ്പലപ്പുഴ എം.എൽ.എയുമായ വി.എസ്.അച്യുതാനന്ദനാണെന്നും അറിഞ്ഞു. വിവാഹം കഴിക്കേണ്ടെന്ന് ചിന്തിച്ചിരുന്ന വി.എസ് വയസാകുമ്പോൾ ഒരു കൂട്ട് വേണമെന്ന ചിന്തയിൽ 43-ാം വയസിൽ തീരുമാനം മാറ്റുകയായിരുന്നു. അന്ന് വസുമതിക്ക് 29 വയസ്. വി.എസിന്റെ ഭാര്യയാകുന്നതോടെ സാധാരണ പെൺകുട്ടികളുടേത് പോലുള്ള ജീവിതമാവില്ലെന്ന ഉത്തമ ബോദ്ധ്യം അവർക്കുണ്ടായിരുന്നു.
1967 ജൂലായ് 16 ഞായറാഴ്ച പകൽ മൂന്നിന് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം. സി.പി.എം ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പേരിലായിരുന്നു ക്ഷണക്കത്ത്. പരസ്പരം മാലയിടീൽ മാത്രമായിരുന്നു ചടങ്ങ്. ഇതുകഴിഞ്ഞ് നേരെ സഹോദരിയുടെ വീട്ടിലേക്കുപോയി. പാർട്ടി വാടകയ്ക്കെടുത്ത് നൽകിയ ചന്ദനക്കാവിലെ വീട്ടിൽ രാത്രിയിലെത്തി. പിറ്റേന്ന് നേരം പുലർന്നപ്പോഴേക്കും വസുമതിയെ വീട്ടിലെത്തിച്ചശേഷം വി.എസ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബസിൽ തിരുവനന്തപുരത്തേക്കു പോയി.
അടിയന്തരാവസ്ഥ കാലത്ത് വീട്ടിൽ നിന്നാണ് പൊലീസ് വി.എസിനെ പിടിച്ചുകൊണ്ടുപോയത്. കുട്ടികളായിരുന്ന ആശയയെും അരുണിനെയും സംരക്ഷിക്കുന്നതിനും വീട്ടുകാര്യങ്ങളും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിനും വസുമതി പുലർത്തിയിരുന്ന മികവ് പൂർണ്ണസമയ പൊതുപ്രവർത്തനത്തിൽ മുഴുകാൻ വി.എസിന് സഹായകമായി. വി.എസിന്റെ ശൈലികൾ വസുമതിയെ ഏറെ സ്വാധീനിച്ചിരുന്നു. 14 മണിക്കൂറായിരുന്ന നഴ്സുമാരുടെ ജോലിസമയം എട്ട് മണിക്കൂറായി ചുരുക്കിയത് വസുമതിയടക്കമുള്ളവർ നടത്തിയ സമരത്തെ തുടർന്നായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ഹെഡ് നഴ്സായി വിരമിച്ച ശേഷം പൂർണസമയവും വി.എസിനായി നീക്കിവയ്ക്കാൻ വസുമതി ശ്രദ്ധിച്ചിരുന്നു. രാഷ്രീയ ജീവിതത്തിലെ കയറ്റിറക്കങ്ങൾ ഒരിക്കലും വീടിനുള്ളിൽ ചർച്ചയായിട്ടില്ലെന്ന് മുമ്പ് വസുമതി പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |