സമാനതകളില്ലാത്ത ഭരണാധികാരി, പാവപ്പെട്ടവരുടെ പടനായകൻ എന്നീ നിലകളിൽ ജീവിതം നയിച്ച സഖാവ് വി.എസ് അന്തരിച്ചുവെന്ന വാർത്തയുമായി പൊരുത്തപ്പെടാൻ കഴിയാതെ ജനങ്ങൾ അമ്പരന്നു നിൽക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
വി.എസ് മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയിലെ ഒരംഗമായും പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അനുയായി ആയുമുണ്ടായിരുന്ന പത്തുവർഷം എന്റെ പൊതുജീവിതത്തിലെ സുവർണകാലമായിരുന്നു. സംഭവബഹുലവും സങ്കീർണവുമായ രാഷ്ട്രീയ കാലാവസ്ഥയിൽ കേരളത്തെ നയിച്ച വി.എസ് ചരിത്രപുരുഷനായി മാറി. കൊടിയ ജീവിതക്ളേശങ്ങളുടെ നടുവിലൂടെ ആരംഭിച്ച വി.എസിന്റെ ജീവിതം ദുഃഖ സാന്ദ്രമായി ഒഴുകുന്ന ഒരു നദിപോലെ കേരളത്തിലാകെ പടർന്നൊഴുകി. സമൂഹത്തിന്റെ അടിത്തട്ടിലാണ്ടുപോയ ജനതയുടെ ജീവിതം എന്നും വി.എസിനെ അസ്വസ്ഥനാക്കിയിരുന്നു. ആ വിഭാഗത്തിന്റെ ജീവിതം തന്റെയും കൂടിയായിരുന്നുവെന്ന വികാരം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നിറഞ്ഞുനിന്നു. ആ വിഭാഗത്തിന്റെ മോചനം കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെ സാദ്ധ്യമാകുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു. വേണ്ടിവന്നാൽ അവരുടെ മോചനത്തിനായി സായുധ കലാപത്തിനും സന്നദ്ധനായിരുന്ന വി.എസിന്റെ ജീവിതം പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഒന്നിനുപിറകെ ഒന്നായി അറസ്റ്റുകളും പൊലീസ് ലോക്കപ്പ് മുറികളും ഒരു കാലഘട്ടത്തിൽ വി.എസിന്റെ ജീവിതത്തിലെ നിത്യസംഭവങ്ങളായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ സഖാവ് പി.കൃഷ്ണപിള്ളയടക്കം സംസ്ഥാന ദേശീയ നിരകളിലെ ഒട്ടുമിക്ക കമ്മ്യൂണിസ്റ്റുകാരുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. സംഭവബഹുലവും ത്യാഗനിർഭരവും ധീരോദാത്തവുമായ ആ ജീവിതം കേരളത്തിലെ ജനങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു. പാർട്ടി ബോധം അനുശാസിക്കുന്ന വിധം ഔപചാരികമായിട്ടായിരുന്നില്ല സാധാരണ പാർട്ടിപ്രവർത്തകർ വി.എസിനെ സ്നേഹിച്ചിരുന്നത്. തന്റെ ജീവരക്തമാണ് വി.എസ് സമൂഹത്തിന് നൽകിയത്. ഇരുൾമൂടിയ കാലഘട്ടത്തിൽ ഒന്നും പ്രതീക്ഷിക്കാതെ എന്ത് ത്യാഗത്തിനും സന്നദ്ധമായി രണഭൂമിയിൽ അണിനിരന്ന നൂറുകണക്കിനുള്ള സഖാക്കളുടെ മുൻനിരയിലായിരുന്നു അദ്ദേഹം നിലയുറപ്പിച്ചത്.
വി.എസിനെ കുറിച്ചറിയാനും പരിചയപ്പെടാനും തുടങ്ങിയനാൾ മുതൽ ഞാനറിയാതെ അദ്ദേഹത്തിന്റെ ഒരാരാധകനായി. എന്റെ പാർട്ടിയുമായി ആശയപരമായി എന്നും കലഹിച്ചിരുന്ന വി.എസ് എനിക്ക് പ്രിയങ്കരനായതും വിസ്മയമാണ്. എന്റെ രാഷ്ട്രീയ ഭാവിയിൽ വി.എസ് എന്നും അതീവ താത്പര്യം പ്രകടിപ്പിച്ച ഒട്ടനവധി അനുഭവങ്ങളുണ്ട്. അവയിൽ ചിലതുമാത്രം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഒട്ടനവധി സംഭവങ്ങൾ ഞാനെന്റെ ആത്മകഥയായ 'കനൽവഴികളിലൂടെ"യിൽ പ്രകടിപ്പിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർത്ഥിയായി എന്റെ പേര് നിർദ്ദേശിക്കപ്പെട്ടു. ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത ഞാൻ അമ്പരപ്പോടെയാണ് കരുനാഗപ്പള്ളിയിലെത്തിയത്. 'സഖാവ് പേടിക്കേണ്ടതില്ല. സഖാവിനെ ജയിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കാരണം എന്നും രാത്രി ഞങ്ങളെ വി.എസ് വിളിക്കാറുണ്ട്. നിങ്ങളുടെ കുസൃതി ഒന്നും കാണിക്കരുത്". ''സി.ഡിയെ എനിക്കുവേണം"". കരുനാഗപ്പള്ളിയിലെ സി.പി.എം ഏരിയ സെക്രട്ടറിയും തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്ന സഖാവുമായ വസന്തൻ എന്നോട് സ്വകാര്യമായി പറയുമായിരുന്നു. എന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തതും വി.എസ് ആയിരുന്നു. 2006ലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കേരളത്തിൽ ആഞ്ഞുവീശിയ ഒരു കൊടുങ്കാറ്റായിരുന്നു വി.എസ്. 2006ൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ വൻജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിഞ്ജ ചടങ്ങ്. ആവേശവും ആരവങ്ങളുംകൊണ്ട് ശബ്ദമുഖരിതമായിരുന്നു ആ ചടങ്ങ്.
ഒരുസാധാരണ തൊഴിലാളിയായി ജീവിതം ആരംഭിച്ച വി.എസിന്റെ അനുഭവങ്ങൾ കേരളത്തിലെ വിപ്ളവ പ്രസ്ഥാനത്തിന്റെ ബാക്കിപത്രമായി ചരിത്രം രേഖപ്പെടുത്തുമെന്നതിൽ തർക്കമില്ല. അദ്ദേഹത്തിന്റെ അഭാവം വീണ്ടും നമ്മെ അനുസ്മരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |