തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദൻ, എബ്രഹാം ലിങ്കണെ ഓർമ്മിപ്പിക്കുന്ന നേതാവാണെന്ന് എഴുതിയത് സുകുമാർ അഴീക്കോടാണ്. 'ജൗളിക്കടയിൽ നിന്ന് നിയമനിർമ്മാണസഭ വരെയുള്ള ഒരു കയറ്റമാണ് വി.എസിന്റെ ജീവിതം. മരക്കുടിലിൽനിന്ന് വൈറ്റ്ഹൗസിലേക്ക് കയറിപ്പോയ എബ്രഹാം ലിങ്കണെ ഓർത്തുപോകും. താഴ്വരയിൽ മുളച്ച ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നുപൊങ്ങിയതുപോലെ!" എന്നാണ് ഒരിക്കൽ അഴീക്കോട് എഴുതിയത്. ഇതുകൂടി എഴുതി- 'വി.എസിന്റെ ശരീരത്തിനെയോ മനസിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്നികുണ്ഠവും ഇനി ബാക്കിയുണ്ടെന്ന് തോന്നുന്നില്ല".
സാധാരണക്കാർക്ക്, ഇരുട്ടിൽനിന്നുള്ള പ്രത്യാശയുടെ തിരിനാളമായിരുന്നു വി.എസ്. അവർക്കുവേണ്ടി എപ്പോഴും നിലകൊണ്ടിരുന്ന നേതാവ്. വി.എസിനെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിക്കാൻ ആരുശ്രമിച്ചാലും പുതിയ തലമുറപോലും അവർക്കായി സമൂഹമാദ്ധ്യമങ്ങളിൽ 'പൊങ്കാല" ഒരുക്കിയിരുന്നു. ഒരിക്കൽ വി.എസിന്റെ പ്രായക്കൂടുതലിനെ ഒരു കോൺഗ്രസ് നേതാവ് കളിയാക്കി. അതിന്, വി.എസ് നടത്തിയ പ്രസംഗത്തിൽ ഉപയോഗിച്ച ഒരു കവിതയുടെ വരികൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി കുറിച്ചായിരുന്നു പുതുതലമുറക്കാരുടെ മറുപടി . 'തലനരയ്ക്കുകയല്ല എന്റെ വൃദ്ധത്വം. തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും. കൊടിയ ദുഷ്പ്രഭുത്വത്തിൻ മുന്നിൽ തല കുനിക്കാത്തതാണെന്റെ യൗവ്വനം".
ആരാണ് മൂത്തത്...?
2019ൽ ഗൗരിഅമ്മയുടെ പിറന്നാളാഘോഷത്തിന് ആശംസ നേരാൻ വി.എസ് ഗൗരിഅമ്മയുടെ വീട്ടിലെത്തി. 'ഞാനാണോ മൂത്തത്, അച്യുതാനന്ദനാണോ"- ഗൗരിഅമ്മയുടെ ചോദ്യം. 'ഗൗരിഅമ്മയ്ക്ക് പ്രായം കൂടുകയാണ് എനിക്ക് കുറയുകയാണ്"- വി.എസിന്റെ മറുപടി. ചായയും മധുരപലഹാരവും എത്തി. വി.എസിന് കൊടുക്കാൻ ഗൗരിഅമ്മയുടെ നിർദ്ദേശം. വി.എസ് മധുരം കഴിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞുതീരും മുമ്പ് അദ്ദേഹം ഒരു ലഡു എടുത്തുകഴിച്ചു. ഗൗരിഅമ്മയുടെ മുഖത്തും ചിരി പടർന്നു. പലപ്പോഴും നർമ്മ മധുരമായിരുന്നു വി.എസിന്റെ മറുപടികൾ.
പ്രസംഗത്തിലെ നീട്ടലും കുറുക്കലും
വി.എസിന്റെ പ്രസംഗത്തിലെ നീട്ടലും കുറുക്കലുമൊക്കെ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഈയൊരു പ്രസംഗ ശൈലി എങ്ങനെ വന്നുവെന്ന് പലരും വി.എസിനോട് ചോദിച്ചിരുന്നു. അതിന് വി.എസിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രവർത്തിക്കുമ്പോൾ അവരെ പ്രസംഗത്തിലേക്ക് ആകർഷിക്കാൻ സ്വീകരിച്ച ശൈലിയാണിത്. പിന്നീട്, അതങ്ങ് ഉറച്ചു". മിമിക്രിക്കാർ അനുകരിക്കുന്നതിനെക്കുറിച്ച് വി.എസ് പറഞ്ഞത് ഇങ്ങനെയായിരുന്നു- 'അതൊക്കെ എന്നെ രസിപ്പിക്കാറുണ്ട്". നാടിനെ മോചിപ്പിക്കാൻ വേണ്ടി നടന്ന പോരാട്ടത്തിന്റെ ഭാഗമായി ഉയർന്ന 'അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യമാണ് ഏറ്റവും ആവേശം കൊള്ളിച്ച മുദ്രാവാക്യമെന്നും വി.എസ് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |