തിരുവനന്തപുരം: പൊതുവേദികളിൽ വി.എസ്.അച്യുതാനന്ദൻ എത്തിയാൽ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും മനസിൽ വിപ്ലവ വീര്യം തിളച്ചുപൊങ്ങും. അവർ ആർത്തു വിളിക്കും- 'കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പൊൻമുത്തേ..." മലയാളികൾക്ക് കണ്ണും കരളുമൊക്കെയായിരുന്നു വി.എസ്. വിഭാഗീയതയുടെ കാലത്തും വി.എസ് വേദിയിലേക്ക് എത്തുമ്പോൾ നിശബ്ദത പാലിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നവരുടെപോലും മുഷ്ടികൾ ചുരുളുമായിരുന്നു. വി.എസിനെ അഭിവാദ്യം ചെയ്യുന്നവർ എല്ലാവരും സി.പി.എം പ്രവർത്തകരാകണമെന്നില്ല. പാർട്ടി എന്തെന്നറിയാത്ത കൊച്ചു കുട്ടികൾക്കു പോലും വി.എസ് ആവേശമാണ്.
വി.എസ് മലയാളക്കരയ്ക്ക് വിപ്ലവ സൂര്യനാണ്. ആ സൂര്യന്റെ ചെങ്കതിർ ശോഭ ഒരു നാളിൽ പൊട്ടിമുളച്ചതല്ല. അനുഭവങ്ങളുടെ ആലയിൽ ചുട്ടുപഴുത്ത് ഉരുകി ഒലിച്ച് രൂപപ്പെട്ടതാണ്. അച്യുതാനന്ദന് നാല് വയസുള്ളപ്പോഴാണ് അമ്മയ്ക്ക് വസൂരി വന്നത്. അത്യാസന്നനിലയിൽ അകലെയുള്ള ഓലക്കൂരയിൽ കിടക്കുകയാണ് അമ്മ. അവർക്ക് അവസാനമായി മക്കളെ കാണണം. മക്കളെ അവിടെയെത്തിച്ചു. ഓലക്കീറിന്റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. എന്താണ് കാര്യമെന്നറിയില്ലെങ്കിലും മക്കൾ കരഞ്ഞു. അമ്മ തങ്ങളെ കൈകാട്ടി വിളിക്കുന്നത് നാലു വയസുകാരൻ കണ്ടു... അങ്ങോട്ടു കുതിക്കാൻ ശ്രമിച്ചു. മറ്റുള്ളവർ പിടിച്ചു നിറുത്തി. കരഞ്ഞു തളർന്ന് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ആ കുട്ടി നടന്നു. മക്കൾ മറഞ്ഞതും ആ അമ്മയുടെ മിഴികൾ എന്നന്നേക്കുമായി അടഞ്ഞു. പിന്നെ അച്ഛൻ ശങ്കരൻ തന്നെയായിരുന്നു അമ്മയും. വി.എസിന് പതിനാറ് വയസുള്ളപ്പോൾ അച്ഛനും കടുത്തരോഗം വന്നു മരിച്ചു. അന്നത്തോടെ വി.എസ് നിരീശ്വരവാദിയായി. അതേക്കുറിച്ച് ഒരിക്കൽ അദ്ദേഹം പറഞ്ഞതിങ്ങനെ:
'അച്ഛന്റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാൻ പതിവായി പ്രാർത്ഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർത്ഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്ന് വാങ്ങിച്ചിരുന്നതും ഞാനായിരുന്നു. പക്ഷേ, എന്തുകാര്യം? അച്ഛൻ മരിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ, ഞാൻ പ്രാർത്ഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചുമില്ല. പിന്നീട് വലുതായി ശാസ്ത്ര പുസ്തകങ്ങൾ വായിച്ചപ്പോഴാണ് പ്രാർത്ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്."
ഹിന്ദി പഠനവും
പുകവലിയും
പ്രായമെത്രയായാലും നിലപാടിൽ വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാത്ത നേതാവായിരുന്നു വി.എസ്. സ്വന്തം കാര്യത്തിലും ഒന്നു തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കും. അങ്ങനെയാണ് വി.എസ് ഹിന്ദി പഠിച്ചത്. ഹിന്ദിയിൽ പ്രസംഗിക്കണമെന്ന ഒരു താത്പര്യം. പിന്നൊന്നും ആലോചിച്ചില്ല. ഹിന്ദി അദ്ധ്യാപകനെ വിളിച്ചുവരുത്തി അതും പഠിച്ചെടുത്തു. കമ്പ്യൂട്ടർ വ്യാപകമായപ്പോൾ അതും പഠിച്ചു. ഒരു ശീലത്തിനും വി.എസിനെ തോൽപ്പിക്കാനായിട്ടില്ല. ചെറുപ്പത്തിൽ നന്നായി പുകവലിക്കുമായിരുന്നു. ചെയിൻ സ്മോക്കർ. 1959ൽ ഒരു പനി വന്നു. അത് ആസ്ത്മയിലേക്ക് മാറി. ഡോ. കെ.എൻ.പൈ ചോദിച്ചു 'പുകവലി ഒഴിവാക്കിക്കൂടേ". 'ഒഴിവാക്കാം" എന്ന് സമ്മതിച്ചു. 'എപ്പോൾ മുതൽ" എന്നായി ഡോക്ടർ. 'ഇപ്പോൾ മുതൽ" എന്ന് വി.എസിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |