ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ കേരളം കൈവരിച്ച നേട്ടം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്താദ്യമായി മുഴുവൻ അദ്ധ്യാപകർക്കും നിർമ്മിത ബുദ്ധിയിലും റോബോട്ടിക്സിലുമെല്ലാം പരിശീലനം നൽകിക്കൊണ്ടു മാത്രമല്ല, ക്രിയാത്മകമായി അവ ഐ.ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടു കൂടി പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നേ നടക്കുകയാണ്. സ്വന്തം ഡേറ്റാസെറ്റ് പ്രയോജനപ്പെടുത്തി പൂർണമായും അക്കാഡമിക് ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള സ്വന്തം എ.ഐ എഞ്ചിൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) രൂപപ്പെടുത്തുന്നു എന്നത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് 2006- 11ൽ വി.എസ് അച്യുതാനന്ദന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ കേരളത്തിലെ ഐ.ടി വിദ്യാഭ്യാസ മേഖല പടുത്തുയർത്താൻ നടത്തിയ ശ്രമങ്ങൾ എനിക്കോർമ്മ വരുന്നത്.
2006ൽ വി.എസ് മുഖ്യമന്ത്രിയും ഞാൻ വിദ്യാഭ്യാസ മന്ത്രിയുമായി അധികാരമേറ്റെടുത്ത സർക്കാർ, സാങ്കേതികവിദ്യ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായിരുന്നു. 2007ലെ ഐ.ടി നയം സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ അതിരുകളില്ലാത്ത ലോകം കേരളം, ലോകത്തിന് മുമ്പ് തുറന്നിട്ടു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനായി ഐ.എസ്.ആർ.ഒ വിക്ഷേപിച്ച എഡ്യൂസാറ്റ് സാറ്റ്ലൈറ്റിന്റെ ഫലമായി 2005ൽ കേരളത്തിലും എഡ്യൂസാറ്റ് ഇന്ററാക്ടീവ് സംവിധാനം നിലവിൽ വന്നു. അതിന്റെ തുടർച്ചയായി ഇന്ന് കാണുന്ന വിധത്തിൽ സാധാരണക്കാരുടെ വീടുകളിൽ വരെയെത്തുന്ന (ഒരു നോൺ- ഇന്ററാക്ടീവ്) വിക്ടേഴ്സ് ചാനലിന്റെ ഔപചാരിക ഉദ്ഘാടനം 2006 ആഗസ്റ്റ് 3ന് വി.എസ് ആണ് നിർവഹിച്ചത്.
സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപഭോക്തൃ സൗഹൃദമാണോ, പ്രായോഗികമാണോ തുടങ്ങിയ നിരവധി ആശങ്കകൾക്കിടയിലും ഇതാണ് ബദൽ എന്നു കാണിക്കാനും അത് പ്രയോഗിച്ച് വിജയിപ്പിക്കാനും കഴിഞ്ഞു എന്നതാണ് കേരളത്തിൽ ഐടി@സ്കൂളും കൈറ്റും വഴി നടത്തിയ ഡിജിറ്റൽ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ പ്രധാനമായി അടയാളപ്പെടുത്തുക എന്നെനിക്കുറപ്പുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതുകൊണ്ട് ഇന്ന് 3,000 കോടി രൂപ വരെ സർക്കാർ ഖജനാവിന് ലാഭിക്കാൻ കഴിയുന്നു. കേരളത്തിലെ ഡിജിറ്റൽ വിദ്യാഭ്യാസം മാതൃകയാണ് എന്നൊക്കെ പറയുമ്പോൾ കേരളത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഐ.ടി വളർച്ചയ്ക്ക് നെടുകായത്വം വഹിച്ച വി.എസ് നേതൃത്വം നൽകിയ സർക്കാരിന്റെ സ്വപ്നസാക്ഷാത്കാരം കൂടിയാണത്. എ.ഐ മേഖലയിൽ ഉൾപ്പെടെ പുതിയ വെല്ലുവിളികളും കോർപ്പറേറ്റ് താത്പര്യങ്ങളും ഭരണകൂട നിരീക്ഷണ സംവിധാനങ്ങളുമെല്ലാം അശനിപാതം കണക്കെ നിരന്തരം നമ്മുടെ മേൽ പതിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ പുതിയ ബദലുകൾക്കുള്ള നിരന്തര പ്രയത്നങ്ങളുടെ ആവശ്യകത ഓർമ്മിപ്പിക്കലുകൂടിയാണ് ഈ ഓർമ്മ.
(സി.പി.എം ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |