കേരളത്തിന്റെ വിപ്ലവ പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണ് സഖാവ് വി.എസിന്റെ ജീവിതം. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു വി.എസ്.അച്യുതാനന്ദൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നു നിൽക്കുന്നു. കേരള സർക്കാരിനെയും സി.പി.എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി.എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ് വി.എസിന്റെ വിയോഗത്തോടെ ഉണ്ടാവുന്നത്. പാർട്ടിക്കും വിപ്ലവ പ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്. കൂട്ടായ നേതൃത്വത്തിലൂടെയേ ആ നഷ്ടം പാർട്ടിക്കു നികത്താനാവൂ. ദീർഘകാലം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ ഒരുപാട് സ്മരണകൾ മനസിൽ ഇരമ്പുന്ന ഘട്ടമാണിത്.
അസാമാന്യമായ ഊർജ്ജവും അതിജീവനശക്തിയും കൊണ്ടു വിപ്ലവപ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി.എസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് വി.എസ്.അച്യുതാനന്ദന്റെ ജീവിതം. എളിയതുടക്കത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്റി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്.
ദേശീയ സ്വാതന്ത്റ്യസമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കിനിർത്തിയ മൂല്യവത്തായ ഒരു
രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചുപോയത്. കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവെന്ന നിലയിലും മുഖ്യമന്ത്റിയെന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര- വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്. ഒരു തൊഴിലാളിയെന്ന നിലയിൽനിന്ന് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവെന്ന നിലയിലേക്ക് വി.എസ് വളരെ വേഗമുയർന്നു.
പാർട്ടി വി.എസിനെയും വി.എസ് പാർട്ടിയെയും വളർത്തി. 1940ൽ, 17 വയസുള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം, അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ വി.എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. പാടത്തെ വരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളിൽ കയറിയിറങ്ങി, അവരിൽ ആത്മവിശ്വാസവും സംഘബോധവും നിറയ്ക്കാൻ അദ്ദേഹം നടത്തിയ പ്രയത്നങ്ങൾ അവരെയാകെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം സ്വന്തമായ മുദ്റകൾ ചാർത്തിയ നേതാവാണ് അദ്ദേഹം.
കേവല രാഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വി.എസ് വ്യാപരിച്ചു. ആ പ്രക്രിയയിലാണ് പാർട്ടി നേതാവായിരിക്കെത്തന്നെ പൊതുസ്വീകാര്യതയിലേക്ക് വി.എസ് ഉയർന്നത്. മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിലേക്കു സാമൂഹിക പ്രാധാന്യമുള്ള ഇതര കാര്യങ്ങളെക്കൂടി കൊണ്ടുവരുന്നതിൽ വലിയ പങ്കാണ് വി.എസ് വഹിച്ചത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തനതായ രീതിയിൽ വ്യക്തിമുദ്റ പതിപ്പിച്ച നേതാവാണ് വി.എസ്. സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |