തിരുവനന്തപുരം: രാത്രി 7.10. എ.കെ.ജി സെന്ററിലേക്കുള്ള എല്ലാ റോഡുകളിലും ജനസാഗരം. ആംബുലൻസിന്റെ ചുവന്ന വെളിച്ചം ദൂരെ തെളിഞ്ഞപ്പോഴേക്കും ജനസാഗരം തൊണ്ടപൊട്ടി വിളിച്ചു 'കണ്ണേ...കരളേ വി.എസേ...ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...".
വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേർത്തുവെച്ചിരിക്കുന്നത് അണയാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണെന്ന തെളിയിച്ച ഒരു രാത്രി കൂടി. മുദ്രാവാക്യം വിളികൾക്കു നടുവിലൂടെ 7.25ന് എ.കെ.ജി സെന്ററിന്റെ (എ.കെ.ജി പഠന ഗവേഷണ കേന്ദ്രം) പടിക്കെട്ടുകൾ കടന്ന് ഒരിക്കൽ കൂടി വി.എസെത്തി. നൂറ്റാണ്ട് കണ്ട് മിഴി പൂട്ടിയിരുന്നുവെങ്കിലും ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. ഒപ്പമെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താകെ കദനഭാരം നിറഞ്ഞിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വി.എസിന്റെ മകൻ വി.എ. അരുൺകുമാറും ഭൗതിക ശരീരവുമായി എത്തിയ ആംബുലൻസിലായിരുന്നു. ആംബുലൻസിൽ നിന്നെടുത്ത വി.എസിന്റെ ഭൗതിക ശരീരത്തെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ അകത്തേക്ക് കൊണ്ടു പോയി. ജനങ്ങൾക്കിടയിലൂടെ 10 മിനിറ്റെടുത്താണ് അകത്തേക്ക് എത്തിച്ചത്. ജനറൽ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, മുതിർന്ന നേതാവ് എസ്.
രാമചന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി വി. ജോയി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രിയുടെ വാക്കുൾ ഇടറി. എ.കെ.ജി സെന്ററിന്റെ പൂമുഖം കടന്നെത്തുന്ന ഹാളിൽ വി.എസ് കിടന്നു.
വി.എസിനെ കാണാൻ കാത്തുനിന്നവരുടെ ക്യൂ ജനറൽ ആശുപത്രിവരെയും എം.എൽ.എ ഹോസ്റ്റൽ വരേയും നീണ്ടു. വിറയ്ക്കുന്ന ചുവടുകളോടെ എത്തിയ മുൻ മന്ത്രി പി.കെ.ഗുരുദാസന് വി.എസിനെ കണ്ടപ്പോൾ ചുണ്ടുവിറച്ചു. മുൻ മന്ത്രി എസ്.ശർമ്മയുടെ കണ്ണു നിറഞ്ഞു. വി.എസിന്റെ മകൻ അരുൺകുമാറിനൊപ്പം ചെറുമക്കൾ അർജുനും അരവിന്ദും വി.എസിന്റെ അടുത്തു തന്നെ നിന്നു.വൈകിട്ട് അഞ്ചോടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, മന്ത്രി എം.ബി. രാജേഷ്, എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ തുടങ്ങിയവർ വൈകിട്ട് നാലരയോടെ എത്തി മറ്ര് ക്രമീകരണങ്ങൾക്കുള്ള നിർദ്ദേശം നൽകി. തുടർന്ന് മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയൻ, മന്ത്രിമാരായ ആർ. ബിന്ദു, ഒ. കേളു, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് തുടങ്ങിയവർ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |