വാഷിംഗ്ടൺ: യു.എസിലെ നോർത്ത് ഡക്കോട്ടയിൽ ഡെൽറ്റാ എയർലൈൻസ് പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. പ്രാദേശിക സമയം, വെള്ളിയാഴ്ച വൈകിട്ട് മിനസോട്ടയിലെ മിനിയപൊലിസിൽ നിന്ന് നോർത്ത് ഡക്കോട്ടയിലെ മിനോട്ടിലേക്ക് വരുന്നതിനിടെ ഡെൽറ്റ വിമാനത്തിന്റെ ദിശയിൽ യു.എസ് വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ പ്രത്യക്ഷപ്പെടുകയായിരുന്നു.
88 സീറ്റുകൾ വരെയുള്ള എംബ്രയർ 175 മോഡൽ വിമാനം ലാൻഡിംഗിന് തയ്യാറെടുക്കവെയായിരുന്നു സംഭവം. കൂട്ടിയിടി ഒഴിവാക്കാൻ ഡെൽറ്റ പൈലറ്റ് വിമാനം അതിസങ്കീർണമായ രീതിയിൽ വേഗത്തിൽ ദിശമാറ്റി പറക്കുകയായിരുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ പൈലറ്റ് ക്ഷമചോദിച്ചെന്നാണ് റിപ്പോർട്ട്.
വിമാനം മിനോട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ബോംബറിന്റെ സാന്നിദ്ധ്യത്തെ പറ്റി തനിക്ക് മുന്നറിയിപ്പ് ലഭിച്ചില്ലെന്നും സംഭവം അസാധാരണമാണെന്നും പൈലറ്റ് യാത്രക്കാരോട് വെളിപ്പെടുത്തി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. യു.എസ് വ്യോമസേന പ്രതികരിച്ചിട്ടില്ല.
# ബി 52: ആകാശക്കോട്ട
നിർമ്മാണം ബോയിംഗ്
സബ്‌സോണിക് ഹെവി ബോംബർ
ആണവായുധങ്ങൾ വഹിക്കാൻ ശേഷി
1955ൽ സൈന്യത്തിന്റെ ഭാഗമായി
32,000 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കും
തുടർച്ചയായി 14,200 കിലോമീറ്റർ വരെ പറക്കും
പൈലറ്റ് അടക്കം 5 പേർക്ക് സഞ്ചരിക്കാം
നീളം - 159 അടി
ചിറകുകൾ തമ്മിലെ അകലം - 185 അടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |