തിരുവനന്തപുരം: അഴിമതിക്കെതിരായ കുരിശുയുദ്ധവും പരിസ്ഥിതി നശീകരണത്തിനെതിരായ നിരന്തര പോരാട്ടവും വി.എസ്.അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാർന്ന രണ്ടു അദ്ധ്യായങ്ങളാണ്. കെ.കരുണാകരന്റെ ഭരണകാലത്തുണ്ടായ കേരളത്തെ പിടിച്ചുകുലുക്കിയ ഇടമലയാർ, പാമോലിൻ അഴിമതി കേസുകൾ ഇതിനുദാഹരണങ്ങളാണ്.
1982- 87 കാലത്ത് കെ.കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ള ഇടമലയാർ വൈദ്യുതി പദ്ധതിയുടെ കരാർത്തുക പെരുപ്പിച്ച് കാട്ടി അഴിമതി നടത്തിയെന്നതായിരുന്നു ഇടമലയാർ കേസ്. ടണൽ നിർമ്മാണ ടെൻഡറിൽ ക്രമക്കേടുണ്ടെന്നും സർക്കാരിന് മൂന്ന് കോടിയുടെ നഷ്ടം വരുത്തിയെന്നുമായിരുന്നു ആരോപണം. ഏറെ വർഷങ്ങൾ സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിൽ ആർ.ബാലകൃഷ്ണപിള്ളയ്ക്കും മറ്റ് രണ്ടു പ്രതികൾക്കും രണ്ടുവർഷം തടവുശിക്ഷ ലഭിച്ചു. ശിക്ഷാ വിധിക്കെതിരെ വിവിധ കോടതികളിൽ വലിയ നിയമയുദ്ധം നടന്നു. ചുരുങ്ങിയ നാളുകളിലാണെങ്കിലും ബാലകൃഷ്ണപിള്ളയ്ക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. നിരന്തരം കോടതികളെ സമീപിച്ച് ഒട്ടും വീറ് ചോരാതെ വി.എസ് നടത്തിയ നിയമയുദ്ധം കേരളത്തിലെ തലയെടുപ്പുള്ള നേതാവായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതത്തെ ഉലച്ചു.
1991- 96 ലെ കെ.കരുണാകരൻ മന്ത്രിസഭാ കാലത്താണ് പാമോലിൻ കേസിന്റെ ഉത്ഭവം. ടെൻഡർ വിളിക്കാതെ മലേഷ്യൻ കമ്പനിക്ക് ഉയർന്ന നിരക്കിൽ കരാർ നൽകിയെന്നും സർവീസ് ചാർജിനത്തിൽ അവർക്ക് ഉയർന്ന നിരക്ക് നൽകുക വഴി സംസ്ഥാന സർക്കാരിന് 2.32 കോടിയുടെ നഷ്ടം വരുത്തിയെന്നതായിരുന്നു ആരോപണം. ഭക്ഷ്യ എണ്ണയ്ക്ക് ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുവദിച്ചുള്ള കേന്ദ്ര സർക്കാരിന്റെ സർക്കുലറിന്റെ മറവിലായിരുന്നു 15,000 ടൺ പാമോലിൻ ഇറക്കുമതി ചെയ്തത്. ഇടപാടിൽ അഴിമതി നടന്നതായി സംസ്ഥാന അക്കൗണ്ടന്റ് ജനറലും കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇറക്കുമതി സംബന്ധമായ ഫയലുകളുടെ കോപ്പികൾ സഹിതമാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാർ ഇറക്കിയ സർക്കുലറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ഇറക്കുമതി നടത്തിയതെന്ന് വി.എസ് സഭയിൽ രേഖകൾ സഹിതം സമർത്ഥിച്ചു. അന്നത്തെ യു.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ കാര്യമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിലും തൊട്ടുപിന്നാലെ വന്ന ഇടതു സർക്കാർ കേസ് നടപടികൾ ഊർജ്ജിതമാക്കി. ഒരു മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയുള്ള അഴിമതി കേസ് എന്ന ഖ്യാതിയും പാമോലീൻ കേസിനാണ്. അതോടെ കേസിന് ദേശീയ പ്രാധാന്യവും കൈവന്നു. കെ.കരുണാകരൻ അന്തരിക്കും വരെ കേസ് തുടർന്നു. കേസിൽ പ്രതിചേർക്കപ്പെട്ട അന്നത്തെ ധനകാര്യ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മൻചാണ്ടിക്കും ഇതിനുപിറകെ ഏറെ അലയേണ്ടിവന്നു.
പൊതുമുതൽ സംരക്ഷിക്കുന്ന കാര്യത്തിലും കർക്കശക്കാരനായിരുന്നു വി.എസ്. കൊച്ചി കാക്കനാട്ടുള്ള ഇൻഫോപാർക്ക് പൊതുമേഖലയിൽ നിലനിറുത്താൻ വി.എസ് നടത്തിയ ഇടപെടൽ ഇതിന് അടിവരയിടുന്നു. ഇൻഫോപാർക്കിന്റെ സ്ഥലം ദുബായിലെ സ്മാർട്ട് സിറ്റിക്ക് ചുളുവിലയ്ക്ക് കൈമാറാൻ യു.ഡി.എഫ് സർക്കാർ ശ്രമിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ ഇടപെടൽ. 92 കോടിയുടെ സർക്കാർ നിക്ഷേപവും 1,000 കോടിയുടെ മതിപ്പ് ബ്രാൻഡിംഗ് വിലയുമുണ്ടായിരുന്ന ഭൂമി കേവലം 80 കോടിക്ക് ടീകോം കമ്പനിക്ക് വിൽക്കാനായിരുന്നു നീക്കം. 1,012 കോടിയുടെ നഷ്ടമാണ് ഇതിലൂടെ സർക്കാരിനുണ്ടാവുക. മാത്രമല്ല, അവരുമായി വിൽപ്പനയ്ക്ക് വേണ്ടി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ കേരളത്തിലെ ഐ.ടി മേഖലയുടെ കൂമ്പ് അടയ്ക്കുന്നതുമായിരുന്നു. 9 ജില്ലകളിൽ മറ്റ് ഐ.ടി സ്ഥാപനങ്ങൾ അനുവദിക്കാതിരിക്കുക, ഐ.ടി സ്പെഷ്യൽ സോണുകൾ അനുവദിക്കാതിരിക്കുക തുടങ്ങിയ വിചിത്ര വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരുന്നത്. കേരളത്തിന്റെ വ്യാവസായിക താത്പര്യങ്ങൾക്ക് വിരുദ്ധമായുള്ള ഈ കരാറിനെതിരെ വി.എസിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടന്നു. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു സർക്കാർ അധികാരത്തിലെത്തുകയും ഇൻഫോപാർക്ക് പൊതുമേഖലയിൽ നിലനിറുത്താൻ തീരുമാനമെടുക്കുകയുമായിരുന്നു. സംസ്ഥാനത്തിന്റെ ഐ.ടി വികസനത്തിൽ ഇത് സുപ്രധാന പാതയായി മാറി.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കൽ
അന്യാധീനപ്പെട്ട സർക്കാർ ഭൂമികൾ തിരിച്ചു പിടിക്കാൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ വി.എസ് നടത്തിയ ഇടപെടലുകളും ചരിത്രത്തിന്റെ ഭാഗമാണ്. 2007ലാണ് ഇതിനോടനുബന്ധിച്ചുള്ള മൂന്നാറിലെ ഒഴിപ്പിക്കൽ നടപടി വി.എസ് ഏറ്റെടുക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന കെ.സുരേഷ് കുമാർ, രാജുനാരായണസ്വാമി, ഋഷിരാജ് സിംഗ് എന്നിവരെയാണ് ഈ ദൗത്യത്തിന് അദ്ദേഹം നിയോഗിച്ചത്. സ്വന്തം പാർട്ടി നേതാക്കൾ പോലും മുഖംതിരിഞ്ഞു നിന്നിട്ടും വി.എസ് വച്ചകാൽ പിറകോട്ട് എടുത്തില്ല. നിരവധി അനധികൃത കെട്ടിടങ്ങൾ ഇടിച്ചു നിരത്തി. 16,000 ഏക്കറോളം സ്ഥലം കൈയ്യേറ്റക്കാരിൽ നിന്ന് വീണ്ടെടുത്തു. പാവപ്പെട്ടവരെയും ചെറുകിട കർഷകരെയും ഒരു വിധത്തിലും ഉപദ്രവിക്കരുതെന്ന കർശന നിർദ്ദേശവും അദ്ദേഹം ദൗത്യസംഘത്തിന് നൽകിയിരുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ കണ്ണൻദേവൻ കമ്പനിയുടെ കൈവശമായിരുന്നു ഏറ്റവും കൂടുതൽ കൈയ്യേറ്റ ഭൂമി. മുഖമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ കൈയ്യേറ്റ ഭൂമിയിൽ നിന്ന് അവരുടെ സ്ഥാപനത്തിന്റെ ബോർഡുകൾ പിഴുതെറിഞ്ഞ് സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. 1,300 ഏക്കർ ഭൂമിയാണ് ധീരമായ ഈ നടപടിയിലൂടെ സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ ദൗത്യം ഉദ്ദേശിച്ച വിധം പൂർത്തിയാക്കാൻ കഴിയാതെ പോയി എന്നത് മറ്റൊരു ചരിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |