ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങൾ സുപ്രീംകോടതി വിശദമായി പരിശോധിക്കും. രാഷ്‌ട്രപതിയുടെ റഫറൻസിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. നിലപാട് അറിയിക്കാൻ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കോടതി നേരിട്ട് ഇ-മെയിൽ അയക്കും. വിഷയത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായം തേടി. ആഗസ്റ്റ് മദ്ധ്യത്തോടെ വാദംകേൾക്കൽ ആരംഭിക്കാമെന്നും വ്യക്തമാക്കി. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അഭിപ്രായം തേടാൻ കഴിയും. എന്നാൽ, അത് അനുസരിക്കാൻ ബാദ്ധ്യതയില്ല. ആ സവിശേഷാധികാരം ഉപയോഗിച്ചാണ് റഫറൻസ്.
എതിർപ്പുമായി കേരളം
രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കില്ലെന്ന് കേരളത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു. തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലെ വിധി തങ്ങൾക്കും ബാധകമാണെന്ന നിലപാടിലാണ് കേരളം. റഫറൻസ് നിലനിൽക്കില്ലെന്ന് തമിഴ്നാടും സുപ്രീംകോടതിയെ അറിയിച്ചു.
പ്രാഥമികവാദം ആരംഭിക്കുന്നതിന് മുൻപ് എതിർപ്പുയർത്തുന്നത് ഉചിതമല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡിഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ?, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |