ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ബോയിംഗ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകി, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കാണ് പരിശോധന നിർബന്ധമാക്കിയത്. തിങ്കളാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
അഹമ്മദാബാദ് വിമാനദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിന് കാരണമായതെന്ന പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹത വർദ്ധിക്കുന്നതിനിടെയാണ് ഡി.ജി.സി.എയുടെ അടിയന്തര ഇടപെടൽ. അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് വെറും 3 സെക്കൻഡിനുള്ളിൽ എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായതാണ് അപകടത്തിന് കാരണമായതെന്നാണ് എയർക്രാഫ്ട് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട്. വെറും ഒരു സെക്കൻഡിന്റെ ഇടവേളയിലാണ് 2 സ്വിച്ചുകളും ഓഫായത്. ഇത് പൈലറ്റ് മനഃപൂർവം ചെയ്തതാണോ സാങ്കേതിക തകരാർ കാരണം സംഭവിച്ചതാണോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ല. തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് അതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.സി.എ നിർദ്ദേശിച്ചിരിക്കുന്നത്.
ജൂൺ 12ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 260 പേരാണ് മരിച്ചത്. ഒരു യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |