മുംബയ്: വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പരാതിയെത്തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ നാൽപ്പതുകാരിയായ അദ്ധ്യാപികയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ലൈംഗികാതിക്രമത്തിന് വിധേയനായി എന്ന് പറയുന്ന വിദ്യാർത്ഥിയുടെ പ്രായം പതിനാറിന് മുകളിലാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത് എന്നതിന് തെളിവുകൾ ലഭിച്ചതായും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്ന കാര്യവും ജാമ്യം നൽകുന്നതിനായി കോടതി പരിഗണിച്ചു.
കഴിഞ്ഞവർഷമാണ് ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപണമുയർന്നത്. ആ വർഷംതന്നെ അദ്ധ്യാപിക സ്കൂളിൽ നിന്ന് രാജിവച്ചിരുന്നു. അതിനാൽ വിദ്യാർത്ഥി-അദ്ധ്യാപക ബന്ധം ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. അദ്ധ്യാപികയ്‌ക്കെതിരെ ഇപ്പോൾ ആരോപിക്കപ്പെട്ട കുറ്റത്തിന്മേലുള്ള വിചാരണ ആരംഭിക്കാൻ ഏറെ സമയമെടുക്കുമെന്നും കുറ്റാരോപിതയായ ഒരു സ്ത്രീയെ അത്രയും കാലം ജയിലിൽ അടയ്ക്കുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും പ്രത്യേക ജഡ്ജി ജാമ്യം നൽകുന്ന വേളയിൽ ചൂണ്ടിക്കാണിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ വിദ്യാർത്ഥിയെ വശീകരിച്ചുകൊണ്ടുപോവുകയും മദ്യം നൽകിയശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു എന്ന പരാതിയിലാണ് അദ്ധ്യാപിക അറസ്റ്റിലായത്. ഒരുവർഷത്തിനിടെ പലതവണ പീഡിപ്പിച്ചെന്നും വിദ്യാർത്ഥിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇരയെയോ സാക്ഷികളെയോ ഒരുതരത്തിലും ബന്ധപ്പെടരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതിയുടെ അനുമതിയില്ലാതെ മുംബയ് വിട്ടുപോകരുതെന്നുമാണ് ജാമ്യ വ്യവസ്ഥ. ഇതിൽ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |