തിരുവനന്തപുരം : തസ്തിക വർദ്ധനവും തുല്യവേതനവും ആവശ്യപ്പെട്ട് സ്കൂൾ കായികാദ്ധ്യാപകർ ചട്ടപ്പടി സമരം തുടരുന്നതിനിടെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ ഉപജില്ലാ, ജില്ലാ കായിക മേളകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. സഹായം തേടിയുള്ള വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ കത്തിന് സ്പോർട്സ് കൗൺസിൽ സമ്മതമറിയിച്ചിട്ടുണ്ട്. എന്നാൽകൗൺസിൽ സഹായത്തോടെ മത്സരങ്ങൾ നടത്തിയാൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്ന നിലപാടുമായി കായികാദ്ധ്യാപക സംഘടനയ്ക്കൊപ്പം കായിക ഉദ്യോഗാർത്ഥി - വിദ്യാർത്ഥി സംഘടനയും രംഗത്തുവന്നതോടെ പ്രശ്നം വീണ്ടും സങ്കീർണമാവുകയാണ്.
കായികവിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കാൻ ആവശ്യമായ കായികാദ്ധ്യാപക തസ്തികകൾ അനുവദിക്കുക, ഹൈസ്കൂളിലെ ജോലിയും യു.പി സ്കൂൾ ശമ്പളവും എന്ന അനീതി അവസാനിപ്പിക്കുക, ഹയർ സെക്കൻഡറി സ്കൂളുകളിൽ കായികാദ്ധ്യാപക തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി 2017 മുതൽ കായികാദ്ധ്യാപകർ സമരത്തിലാണ്. അന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ ചർച്ചയിൽ ഡി.പി.ഐ നൽകിയ ഉറപ്പുകൾ രണ്ടുവർഷമായിട്ടും നടപ്പിലാക്കാത്തതിനെ തുടർന്നാണ് ഇൗവർഷം ജൂൺ മുതൽ കായികാദ്ധ്യാപകർ ചട്ടപ്പടി സമരം തുടങ്ങിയത്.
സ്കൂൾ കായികമേളകൾ നടത്തുന്നത് ഉൾപ്പെടെയുള്ള അധിക ചുമതലകൾ ഏറ്റെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ചട്ടപ്പടി സമരം. കായികാദ്ധ്യാപകർ വഹിക്കേണ്ട ഉപജില്ലാ സ്പോർട്സ് സെക്രട്ടറി സ്ഥാനം ഇവർ ഏറ്റെടുത്തില്ല. ഭരണപക്ഷ അദ്ധ്യാപക സംഘടനയുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്താൻ ശ്രമിച്ചതും പരാജയപ്പെട്ടു.
ഇതിനിടയിൽ കായികാദ്ധ്യാപകർ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയും വിഫലമായി . എല്ലാ സ്കൂളിലും കായികാദ്ധ്യാപകരെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിരുന്നു. ശമ്പള പരിഷ്കരണ കമ്മിഷന് മുന്നിൽ കായികാദ്ധ്യാപകരുടെ പ്രശ്നം ശുപാർശ ചെയ്യാമെന്നും അറിയിച്ചു. എന്നാൽ 2017 ൽ മോഹന വാഗ്‌ദാനം നൽകി തങ്ങളെ കബളിപ്പിച്ചതിനാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകണമെന്ന് കായികാദ്ധ്യാപകർ ഉറച്ച നിലപാടെടുത്തു. ഇതോടെ ചർച്ച പൊളിഞ്ഞു.
തുടർന്നാണ് സ്പോർട്സ് കൗൺസിലിന്റെ സഹായം തേടിയത്. ഇൗമാസം 30ന് മുമ്പ് തായ്ക്കൊണ്ടോ, സെപ്ക്‌തക്ര തുടങ്ങിയ കായിക ഇനങ്ങളിൽ ഉപജില്ലാ റവന്യു ജില്ലാ മത്സരങ്ങൾ നടത്താനാണ് ശ്രമം. ഒക്ടോബർ 4, 5, 6 തീയതികളിൽ കോട്ടയത്തും 10 മുതൽ കണ്ണൂരിലും സോണൽ മത്സരങ്ങൾ നടത്തും. സംസ്ഥാനത്തെ കായിക അസോസിയേഷനുകളുടെ സഹകരണവും ഇതിനായി തേടിയിട്ടുണ്ട്.കൗൺസിൽ സഹായത്തോടെ കായികമേളകൾ നടത്തിയാൽ പ്രത്യക്ഷസമരം ശക്തമാക്കാനായി ഫിസിക്കൽ എഡ്യൂക്കേറ്റേഴ്സ് ആൻഡ് സ്റ്റുഡന്റ്സ് കോൺഫെഡറേഷനും രംഗത്ത് എത്തിക്കഴിഞ്ഞു. 2014 ൽ കായികാദ്ധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കായിക വിദ്യാർത്ഥികൾ സമരം ചെയ്തപ്പോൾ ഉദ്ഘാടനം ചെയ്തതത് ഇപ്പോഴത്തെ സി.പി.എം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. സി.പി.എം ഭരണത്തിലെത്തിയിട്ടും തങ്ങൾക്ക് നീതികിട്ടിയിട്ടില്ലെന്ന് കോൺഫെഡറേഷൻ നേതാവ് നിതിൻ ബാബു കേരളകൗമുദിയോട് പറഞ്ഞു.
വിദ്യാർത്ഥികളുടെ ഭാവിയെക്കരുതിയാണ് കായിക മേളകൾ നടത്താൻ സ്പോർട്സ് കൗൺസിലിന്റെ സഹായം തേടിയത്. സഹകരിക്കുന്ന കായികാദ്ധ്യാപകർക്കൊപ്പം കൗൺസിൽ പരിശീലകരും കായിക അസോസിയേഷൻ പ്രതിനിധികളും ചേർന്ന് ഉപജില്ലാ, റവന്യു ജില്ലാ കായികമേളകൾ സമയത്ത് നടത്തും. സർക്കാർ ഉത്തരവ് പ്രകാരം കായികാദ്ധ്യാപകർ ഉപജില്ലാ സ്പോർട്സ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടതാണ്.
ഡോ. ചാക്കോ ജോസഫ്
ഡെപ്യൂട്ടി ഡയറക്ടർ
പൊതുവിദ്യാഭ്യാസ വകുപ്പ്
ഭരണാനുകൂല അദ്ധ്യാപക സംഘടനകളുടെ ഇടപെടൽ മൂലമാണ് കായികാദ്ധ്യാപക സമരത്തിന്റെ യഥാർത്ഥ ചിത്രം വിദ്യാഭ്യാസ മന്ത്രി തിരിച്ചറിയാതെ പോകുന്നത്. ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണം. രണ്ടുവർഷമായി കബളിപ്പിക്കപ്പെട്ടത് കൊണ്ടാണ് വീണ്ടും സമരത്തിനിറങ്ങേണ്ടിവന്നത്. പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണം.
എം.സുനിൽ കുമാർ
സംയുക്ത കായികാദ്ധ്യാപക
സമരസമിതി കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |