തിരുവനന്തപുരം: മഴ കാരണം അവധി പ്രഖ്യാപിച്ച ജില്ലകളിലൊഴികെ സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം. യു.പി, ഹൈസ്ക്കൂൾ വിഭാഗം അധിക പ്രവൃത്തിദിനം നിശ്ചയിച്ച് സർക്കാർ ഉത്തരവായിരുന്നു. ഇതനുസരിച്ചുള്ള ആദ്യ പ്രവൃത്തിദിനമാണ് ഇന്ന്. ജൂലായ് 26,ഒക്ടോബർ 25 എന്നീ ശനിയാഴ്ചകൾ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുണ്ട്. ജൂലായ് 26,ഓഗസ്റ്റ് 16,ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 ദിവസങ്ങളിൽ എട്ട് മുതൽ 10 വരെയുള്ള ക്ലാസുകൾക്കും ശനിയാഴ്ച അധിക പ്രവൃത്തി ദിനമായിരിക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് ഇന്ന് അവധിയാണ്.
യു.പി വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്.
സ്കൂളുകളുടെ സുരക്ഷ:
ചെക്ക് ലിസ്റ്റ് തയ്യാറാക്കി
പരിശോധനനടത്തും
തിരുവനന്തപുരം: സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെക്ക് ലിസ്റ്റ് പ്രകാരം പരിശോധന നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
ചൊവ്വാഴ്ചക്കകം എ.ഇ.ഒ, ഡി.ഇ.ഒ., ബി.ആർ.സി തലം മുഖേന സ്കൂളുകൾ സന്ദർശിച്ച് സേഫ്ടിഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചക്കകം ജില്ലാതലത്തിൽ ചെയ്യേണ്ട വിഷയങ്ങൾ മുൻനിർത്തി ഡിഡിമാർ ഉദ്യോഗസ്ഥർക്ക് കത്ത് നൽകണം. ഇതിന്റെ റിപ്പോർട്ട് ക്രോഡീകരിച്ച് കലക്ടർമാർക്ക് കൈമാറണം. എല്ലാ ഡിഡിഇമാരും സ്കൂൾ സുരക്ഷാവിഷയം ജില്ലാവികസന അതോറിറ്റിയിലെ സ്ഥിരം അജണ്ടയാക്കാൻ കലക്ടർക്ക് കത്ത് നൽകണം.. ജില്ലയിൽ ഡിഡിഇ, ആർഡിഡി, എഡി, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്എസ്കെ ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ ഏഴ് ടീമുകൾ ഓരോ സ്കൂളും സന്ദർശിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
കൈറ്റിന്റെ സമ്പൂർണ പ്ലസ് ആപ്ലിക്കേഷനിൽ സ്കൂൾ സുരക്ഷ സംബന്ധിച്ച് പേജ് തുടങ്ങും. ചെക്ക് ലിസ്റ്റിലെ കാര്യങ്ങൾ ഉൾപ്പെടുത്തിയാകും പേജ്. സേഫ്ടി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ ഇവ വിശദമായി രേഖപ്പെടുത്തണം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തലത്തിൽ സുരക്ഷാ സെൽ രൂപീകരിക്കും. പൊതുജനങ്ങൾക്ക് പരാതികളോ അറിയിപ്പുകളോ നൽകാൻ വാട്ട്സ്ആപ്പ് നമ്പറും ആരംഭിക്കും. പിടിഎ, കുട്ടികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ഇതിലേക്ക് സുരക്ഷാപ്രശ്നങ്ങൾ അറിയിക്കാമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി:
ക്രെഡിറ്റ് സെമസ്റ്റർ രീതി
നടപ്പാക്കാൻ ആലോചന
തിരുവനന്തപുരം: ഹയർ സെക്കൻഡറി പഠനം ക്രെഡിറ്റ് സെമസ്റ്റർ രീതിയിലേക്ക് മാറ്റുന്നതിന് സാദ്ധ്യത തേടി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ, പ്ലസ് ടു പഠനം രണ്ടു വർഷമെന്നതിന് പകരം നാല് സെമസ്റ്ററാക്കുന്നതാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും പഠനങ്ങളും നടത്തും
ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകളുടെ ഉദ്ഘാടനച്ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ് അവതരിപ്പിച്ച ആശയരേഖയിലാണ് ഈ നിർദ്ദേശമുള്ളത്. ആറുമാസം വീതം ദൈർഘ്യമുള്ള നാല് സെമസ്റ്ററിനിടെ മൊത്തം 80 മുതൽ 100 വരെ ക്രെഡിറ്റുകൾ നേടുന്നതിന്റെ സാദ്ധ്യതയാണ് പരിശോധിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്കിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ പഠനം ക്രെഡിറ്റ് സെമസ്റ്റർ രീതിയിലാക്കാൻ നിർദ്ദേശമുണ്ട്. ഇതിന് ബദലായി പ്ലസ് വൺ, പ്ലസ് ടു പഠനം സെമസ്റ്റർ രീതിയിലാക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. 30 മണിക്കൂർ പഠനവും വിലയിരുത്തലും ചേരുന്നതാണ് നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് പ്രകാരമുള്ള ഒരു ക്രെഡിറ്റ്. ദേശീയതലത്തിൽ ഹയർസെക്കൻഡറിക്ക് അഞ്ച് വിഷയങ്ങൾ പഠിച്ചാൽ മതി. എന്നാൽ കേരളത്തിൽ ഇത് ആറ് വിഷയങ്ങളായി തുടരാനാണ് തീരുമാനം. പ്ലസ് വണിനും പ്ലസ് ടുവിനുമായി നാല് സെമസ്റ്റർ പരീക്ഷകളുണ്ടാവും.
സയൻസിനൊപ്പം
ഹ്യുമാനിറ്റീസും
ഹയർസെക്കൻഡറി റെഗുലർ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള മറ്റ് വിഷയങ്ങൾ സ്കോൾ കേരളയ്ക്ക് കീഴിൽ പഠിക്കാനുള്ള അവസരവും വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സയൻസ് പഠിക്കുന്ന വിദ്യാർത്ഥിക്ക് താത്പര്യമുണ്ടെങ്കിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് സ്ട്രീമിലുള്ള വിഷയങ്ങളും തിരിച്ചും പഠിക്കാൻ സൗകര്യമൊരുക്കുന്ന മൾട്ടി ഡിസിപ്ലിനറി സംവിധാനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |