SignIn
Kerala Kaumudi Online
Sunday, 27 July 2025 1.44 PM IST

സ്കൂൾ സമയമാറ്റത്തിലെ സമവായ മനസ്

Increase Font Size Decrease Font Size Print Page

kerala-school-opening-

പൊതു വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും രണ്ടുതന്നെയാണ്. ഇതൊക്കെ എല്ലാവർക്കും അറിയാമെങ്കിലും,​ പൊതുവിദ്യാഭ്യാസ വിഷയത്തിൽ മതം ഇടയ്ക്കിടെ കയറി ഇടങ്കോലിടുന്നതിനു പിന്നിൽ മതപരം മാത്രമല്ല രാഷ്ട്രീയമായ കാരണങ്ങൾ കൂടിയുണ്ട്. അത് ഏറ്റവും ഒടുവിൽ വാർത്തയ്ക്ക് വിഷയമായത്,​ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ അരമണിക്കൂർ വീതം അദ്ധ്യയന സമയം കൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ളിം മത സംഘടനകൾ ഉൾപ്പെടെ പലരും രംഗത്തുവന്നതോടെയാണ്. അക്കൂട്ടത്തിൽ സുന്നി വിഭാഗം പണ്ഡിതസഭയായ സമസ്തയുടെ നിലപാട് തുടക്കംതൊട്ടേ കർക്കശമായിരുന്നു. തീരുമാനം മാറ്റിയില്ലെങ്കിൽ സർക്കാർ അതിന്റെ പ്രത്യഘാതം അനുഭവിക്കേണ്ടിവരുമെന്നും,​ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നുമായിരുന്നു ആ കർക്കശസ്വരം. പക്ഷേ, കഴിഞ്ഞ ദിവസം ഈ വിഷയം ചർച്ചചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിൽ,​ സമയമാറ്റത്തിനു പിന്നിലെ കാര്യവും കാരണവും മന്ത്രി വിശദീകരിച്ചപ്പോൾ സമസ്ത പ്രതിനിധികൾ അത് തുറന്ന മനസോടെ സ്വീകരിക്കുകയും സമവായത്തിന് തയ്യാറാവുകയും ചെയ്തത് തികച്ചും അഭിനന്ദനാർഹമാണ്.

ഹൈസ്കൂൾ വിഭാഗത്തിൽ രാവിലെയും വൈകുന്നേരവും പതിനഞ്ച് മിനിട്ട് വീതം അദ്ധ്യയന സമയം കൂട്ടാനായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന തീരുമാനം. അതാകട്ടെ,​ ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്നത്ര അദ്ധ്യയന ദിനങ്ങളും അദ്ധ്യയന മണിക്കൂറുകളും ഉറപ്പാക്കുന്ന വിധത്തിൽ സ്കൂൾ വിദ്യാഭ്യാസ കലണ്ടർ ക്രമീകരിക്കാത്തതിന് സർക്കാരിനെ രൂക്ഷമായി വിർശിച്ച ഹൈക്കോടതി നിലപാടിനെ തുടർന്നായിരുന്നു താനും. യു.പി,​ ഹൈസ്കൂൾ തലത്തിലെ അദ്ധ്യയന സമയം നിശ്ചയിക്കേണ്ടത് കേന്ദ്ര നിയമം അനുസരിച്ചാണ്. നിലവിൽ യു.പി വിഭാഗത്തിൽ 198 അദ്ധ്യയന ദിനങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ട് ശനിയാഴ്ച കൂടി ചേർത്താൽ ദേശീയ നിയമം അനുസരിച്ചുള്ള 1000 അദ്ധ്യയന മണിക്കൂർ തികയ്ക്കാം. പക്ഷേ,​ ഹൈസ്കൂളിൽ അതുപോരാ. അതിന് ആറ് ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കിയാലും ആകെ അദ്ധ്യയന മണിക്കൂറുകൾ മതിയാകില്ല. അതിനാണ് ആഴ്ചയിൽ നാലുദിവസം അരമണിക്കൂർ വീതം കൂട്ടിയത്.

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുസ്ളിം കുട്ടികൾ മദ്രസകളിൽ മതപഠനവും നടത്തുന്നുണ്ട്. സ്കൂൾ സമയം വർദ്ധിപ്പിക്കുന്നത് ആ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതാണ് മുസ്ളിം മതപണ്ഡിത സംഘടനകളുടെ വാദം. മതപഠനം കഴിഞ്ഞുള്ള സമയത്ത് നിർവഹിക്കേണ്ടതല്ല പൊതുവിദ്യാഭ്യാസം. അതേസമയം,​ പൊതുവിദ്യാഭ്യാസത്തിനൊപ്പം ചില മതങ്ങൾ നിഷ്കർഷിക്കുന്ന മതപഠനം കൂടി നിർവഹിക്കുന്നതിനെ തടസപ്പെടുത്താനാവുകയുമില്ല. പൊതു വിദ്യാഭ്യാസ വകുപ്പ് നിലവിൽത്തന്നെ വെള്ളിയാഴ്ചകളിൽ സ്കൂളുകളിലെ ഉച്ചയിടവേള മുപ്പത് മിനിട്ട് അധികമായി വച്ചിരിക്കുന്നത് മുസ്ളിം സമുദായക്കാരായ വിദ്യാർത്ഥികളുടെ വെള്ളിയാഴ്ച നമസ്കാരത്തിന് തടസമുണ്ടാകാതിരിക്കാനാണ്. സർക്കാരിന് മതപരമായ വിഷയങ്ങളിൽ അനാവശ്യമായ കടുംപിടിത്തമില്ലെന്ന് അതിൽനിന്നു തന്നെ വ്യക്തം. അതേസമയം,​ ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് നിശ്ചിത അദ്ധ്യയന ദിനങ്ങളും മണിക്കൂറുകളും ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം വരുത്തുമ്പോൾ അതിനെ എതിർത്ത് മതവിഷയം ഉന്നയിക്കുന്നതിനെ അംഗീകരിക്കാനാവില്ല.

അത് ഒഴിവാക്കാനാകാത്തത് ആയതിനാലും,​ കോടതിയലക്ഷ്യത്തിന് വഴിവയ്ക്കുമെന്നതിനാലുമാണ് സർക്കാർ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്ന് ആദ്യംതൊട്ടേ പൊതുവിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചുകൊണ്ടിരുന്നത്. മതസംഘടനകളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങില്ലെന്നും അദ്ദേഹം പലവട്ടം പറഞ്ഞു. അപ്പോഴും,​ മുസ്ളിം മതസംഘടനകൾ ഉൾപ്പെടെ പലരും ഇതിനെ എതിർത്തുകൊണ്ടിരുന്നതിനു പിന്നിൽ രാഷ്ട്രീയം കൂടിയുണ്ടെന്നു തീർച്ച. നിയമത്തിനും കോടതിക്കും രാഷ്ട്രീയമില്ല. അവിടെ,​ സമ്മർദ്ദങ്ങൾക്കു വഴങ്ങാൻ ഒരു സർക്കാരിനും കഴിയുകയുമില്ല. എന്തായാലും,​ സ്കൂൾ സമയ മാറ്റത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയ മന്ത്രി വി. ശിവൻകുട്ടിയും,​ ആ തീരുമാനവും നിലപാടും എന്തുകൊണ്ടെന്നു മനസിലാക്കി,​ വിയോജിപ്പും വിദ്വേഷവും ഉപേക്ഷിച്ച സമസ്തയും ഒരുപോലെ അഭിനന്ദനം അർഹിക്കുന്നുണ്ട്. ഇവിടെ ആരും തോറ്റുമില്ല,​ ജയിച്ചുമില്ല. നിയമത്തിന്റെയും പൊതുവിദ്യാഭ്യാസത്തിന്റെയും വഴിയിലേക്ക് മതത്തെ വിളിച്ചുവരുത്താനാവുകയുമില്ല.

TAGS: SCHOOL TIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.