മുംബയ്: മുംബയ് -പൂനെ എക്സ്പ്രസ് വേയിൽ 25 ഓളം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 21 പേർക്ക് പരിക്കേൽക്കുകയും ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തു. ഉസ്മാനാബാദ് സ്വദേശിനി അനിത എഖണ്ഡെയാണ് (35) സംഭവസ്ഥലത്ത് തന്നെ മരിച്ചത്.19 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്.
ടോൾ ബൂത്തിന് സമീപമുള്ള ഖോപോളി എക്‌സിറ്റിന് തൊട്ടുപിന്നിലുള്ള എക്സ്പ്രസ് വേയുടെ മുംബയിലേക്കുള്ള അടിപ്പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റ 21 പേരെ ഖോപോളി മുനിസിപ്പൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാമോത്തെയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റി. മുംബയിലേക്ക് പോകുകയായിരുന്ന ഒരു കണ്ടെയിനർ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ഇതിനെ തുടർന്ന് മൂന്ന് കിലോമീറ്ററോളം ദൂരത്തുള്ള 25ഓളം വാഹനങ്ങളെ കൂട്ടിയിടിക്കുകയായിരുന്നു.
ദേവദൂത്, ഇന്ത്യ റിസർവ് ബറ്റാലിയൻ, ഹൈവേ പൊലീസ്, ഹെൽപ്പ് ഫൗണ്ടേഷനിലെ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾ നടത്തി. 45 മിനിറ്റിനുള്ളിൽ തകർന്ന വാഹനങ്ങൾ മാറ്റി എക്സ്പ്രസ് വേ വൃത്തിയാക്കി. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയം ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |